കാഞ്ഞങ്ങാട്: അതി ദാരിദ്ര ഗുണഭോക്തൃ പട്ടികയിൽ കാഞ്ഞങ്ങാട് നഗരസഭയിൽ നിന്ന് 129 കുടുംബങ്ങളെ സർവേയിൽ കണ്ടെത്തി. അതി ദാരിദ്ര്യമില്ലാതാക്കാനുള്ള കർമ്മ പദ്ധതികൾക്ക് നഗരസഭാ കൗൺസിൽ യോഗം അംഗീകാരം നൽകി. ആരോഗ്യ ഇൻഷ്വറൻസ്, റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയില്ലാത്ത ഓരോ കുടുംബവും ഭക്ഷണം സ്വന്തമായി പാകം ചെയ്യാൻ കഴിവില്ലാത്ത 8 പേരും ചികിത്സ ആവശ്യമുള്ള 81 പേരും വീട് ഇല്ലാത്ത 36 പേരും ഭൂരഹിതരായ 29 കുടുംബങ്ങളും സ്വന്തമായി തൊഴിലില്ലാത്ത 13 പേരും വീട് റിപ്പയർ വേണ്ടി വരുന്ന 15 കുടുംബങ്ങളും ഇതിൽ ഉൾപ്പെടും.
സപ്ലൈ ഓഫീസ്, അക്ഷയ സെന്റർ എന്നിവയുമായി സഹകരിച്ച് റേഷൻ കാർഡ്, ആധാർ, ചികിത്സാ ഇൻഷ്വറൻസ് എന്നിവ അടിയന്തരമായി ലഭ്യമാക്കും. ഭവന രഹിത, ഭൂരഹിതരെയും തൊഴിലില്ലാത്തവർക്കുമായി കർമ്മ പദ്ധതികളും തയ്യാറാക്കും. വീട് റിപ്പയർ ചെയ്യാനാവശ്യമായ സഹായങ്ങൾ നൽകും. കുടുംബശ്രീയുമായി സഹകരിച്ച് സ്വയം തൊഴിൽ സംരംഭങ്ങൾ നടപ്പിലാക്കും. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഭവന,- ഭൂരഹിത കുടുംബങ്ങളെ പുനരധിവസിപ്പിക്കും. ഉടൻ നടപ്പാക്കുന്ന പദ്ധതികൾക്കാവശ്യമായ ഫണ്ട് നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും ചെലവിടാനാകുമെന്ന് ചെയർപേഴ്സൺ കെ.വി സുജാത കൗൺസിൽ യോഗത്തിൽ അറിയിച്ചു.