bus

തലശ്ശേരി: മഴ കോരിച്ചൊരിയുമ്പോഴും സ്കൂൾ കുട്ടികളെ കയറാൻ അനുവദിക്കാതെ പുറത്ത് നിറുത്തിയതിന് സ്വകാര്യബസിന് ആർ.ടി.ഒ 9500 രൂപ പിഴ ചുമത്തി.

കഴിഞ്ഞ ദിവസം രാവിലെ ഒമ്പത് മണിയോടെ തലശ്ശേരി ബസ് സ്റ്റാൻഡിലാണ് സംഭവം. കയറാൻ തുടങ്ങിയ കുട്ടികളെ സിഗ്മ ബസ് ജീവനക്കാർ തടയുകയായിരുന്നു. മറ്റ് യാത്രക്കാർ കയറുന്നതുവരെ മഴ നനഞ്ഞ ശേഷമാണ് കയറാൻ അനുവദിച്ചത്. കുട്ടികൾ മഴ നനയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വന്നതോടെ ബാലാവകാശ കമ്മിഷൻ ചെയർമാൻ അഡ്വ. കെ.വി. മനോജ് കുമാർ തലശ്ശേരി പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കാനും നിർദ്ദേശം നൽകി. പിന്നീട് എസ്.എഫ്‌.ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു.
ബസ് പുറപ്പെടുമ്പോൾ മാത്രമേ കയറാൻ അനുവദിക്കാറുള്ളൂവെന്നും അല്ലാത്ത പക്ഷം യാത്രാസൗജന്യം നൽകില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു. മഴ പെയ്യുമ്പോൾ വിദ്യാർത്ഥികൾ വെയിറ്റിംഗ് ഷെഡിലായിരുന്നുവെന്നാണ് ബസ് ഡ്രൈവർ നൗഷാദ് പറയുന്നത്. എല്ലാ യാത്രക്കാരെയും കയറ്റിയ ശേഷം മാത്രമേ കുട്ടികളെ കയറ്റാറുള്ളൂവെന്ന് ഡ്രൈവർ സമ്മതിച്ചു.

സംഭവം വിവാദമായതിന് പിന്നാലെ വിവിധ ബസ് സ്റ്റാൻഡുകളിൽ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തി. കസ്റ്റഡിയിലെടുത്ത ബസ് പിഴയടച്ച ശേഷം വിട്ടു നൽകി.