തലശ്ശേരി: പഴയ ബസ് സ്റ്റാൻഡിലെ ഏറ്റവും തിരക്കേറിയ എം.ജി. റോഡ് നവീകരണം പൂർത്തിയാകുന്നതോടെ നഗരത്തിന്റെ മുഖച്ഛായ മാറുന്നു. നഗരസഭാ ഓഫീസ് പരിസരത്ത് നിന്നും തുടങ്ങി ജനറൽ ആശുപത്രി വരെയുള്ള ഭാഗമാണ് നലേകാൽ കോടി രൂപ ചെലവിൽ നവീകരിക്കുന്നത്. ഡ്രൈനേജ് കെട്ടൽ ഏതാണ്ട് അവസാനിക്കാറായി. നഗരസഭ കെട്ടിടത്തിന് മുന്നിലെയും റോഡിന് എതിർവശത്തെയും ഫുട്പാത്തിൽ സ്ഥാപിച്ചിരുന്ന കൈവരികൾ മാറ്റി ഇതിനടിയിലെ ഓവുചാലിലുള്ള മാലിന്യവും ചെളിമണ്ണും ജെ.സി.ബി ഉപയോഗിച്ച് കിളച്ചു കോരി ഡ്രൈനേജ് ആഴവും വീതിയും കൂട്ടിയിട്ടുണ്ട്. പ്രവൃത്തി പുരോഗമിച്ചു തുടങ്ങിയതോടെ റോഡിന് ഇരുവശത്തുമുള്ള കച്ചവടക്കാരാണ് ഏറെ പ്രയാസപ്പെടുന്നത്.
ഇത്തരം സ്ഥാപനങ്ങളുടെ പ്രവേശന വഴിയിലാണ് പുതിയ ഓവുചാലിനായി ആഴത്തിൽ വെട്ടിക്കീറിയിട്ടുള്ളത്. ഓവുചാലിന്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്ത് ഭിത്തി കെട്ടിയെങ്കിലും മിക്കയിടത്തും മേൽമൂടി സ്ഥാപിച്ചിട്ടില്ല. ഇതു മൂലം കടകൾ തുറക്കലും കച്ചവടം ചെയ്യലും ദുഷ്‌കരമായി. തുറന്ന സ്ഥാപനത്തിലേക്ക് ആളുകൾക്ക് കടന്നു വരാൻ പലകകൾ പാകിയിട്ടുണ്ടെങ്കിലും, സഞ്ചാരം സുഗമമല്ല. ഇതോടെ കച്ചവടവും അസാദ്ധ്യമായി. കോഫീ ഹൗസ് ഉൾപെടെയുള്ള ഹോട്ടലുകൾ കഴിഞ്ഞ കുറെ ദിവസങ്ങളായി അടച്ചിട്ടിരിക്കയാണ്. തുറന്ന സ്ഥാപനങ്ങളിലാവട്ടെ ആളുകൾ വരുന്നുമില്ല. എങ്കിലും നവീകരണ പ്രവൃത്തികളുമായി വ്യാപാരികൾ സഹകരിക്കുന്നുണ്ട്.
കരുത്തുറ്റ എം.ജി റോഡ്
എം.ജി.റോഡ് പുതിയ ഡ്രൈനേജിന് സമാനമായി ഉയർത്തിക്കെട്ടും. ഇതോടെ ഒരടിയിലേറെ റോഡ് ഉയരും. സമീപത്ത് കോൺക്രീറ്റിൽ പുതുക്കി പണിത ഒ.വി.റോഡിന്റെ ദൃഢതയിൽ എം.ജി.റോഡിനെയും ഒരുക്കാനാണ് തീരുമാനം. റോഡിനിരുവശവും അലങ്കാര വിളക്കുകളും പൂച്ചട്ടികളും സ്ഥാപിച്ച് സൗന്ദര്യവൽക്കരിക്കും. ഇതിനായി സന്നദ്ധ സംഘടനകളുടെ സഹകരണവും തേടും.