കാസർകോട്: ജില്ലയിൽ നടപ്പാക്കുന്ന ടൂറിസം പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പല പ്രവർത്തികളും സമയം കഴിഞ്ഞും അനന്തമായി നീണ്ടു പോകുന്ന കാര്യം പരിശോധിച്ചു. ടൂറിസം ഡയറക്ടർ, ജില്ലാ കളക്ടർ എന്നിവർ പദ്ധതി പ്രദേശത്ത് പോയി ഇതെക്കുറിച്ച് പരിശോധന നടത്തും. ചില പ്രവൃത്തികളിൽ കുറെക്കൂടി വ്യക്തത വരേണ്ടതുണ്ട്. പദ്ധതികൾക്ക് വിശദ പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കുമ്പോൾ തന്നെ അവിടേക്കുള്ള വഴിയുൾപ്പെടെയുള്ള കാര്യങ്ങൾ ഉണ്ടോയെന്ന് ഉറപ്പുവരുത്തണം. എന്നാൽ നിർമ്മാണം പൂർത്തീകരണ ഘട്ടത്തിലെത്തുമ്പോൾ അതേക്കുറിച്ച് ചിന്തിക്കുന്നത് ഗുണകരമല്ല. അവസാനഘട്ടത്തിലെത്തുമ്പോൾ ഭൂമി വിലയിൽ ഉൾപ്പെടെയുണ്ടാകുന്ന വർദ്ധനവ് പദ്ധതിയുടെ നടത്തിപ്പിനെ ബാധിക്കും- മന്ത്രി പറഞ്ഞു.
സഞ്ചാരികൾ വരുമ്പോൾ ഓരോ ടൂറിസം മേഖലയിലും നല്ല റോഡുകൾ അത്യാവശ്യമാണ്. പദ്ധതി പ്രദേശങ്ങളിൽ വിവിധ വകുപ്പുകളുടെ അധീനതയിലുള്ള റോഡുകളുണ്ടെങ്കിൽ അത് നന്നാക്കിയെടുക്കാൻ മുഖ്യമന്ത്രിയുമായി ആലോചിച്ച് അതാത് വകുപ്പുകളുടെ യോഗം ചേർന്ന് തീരുമാനമെടുക്കും. വിദേശികൾ വരുമ്പോൾ ഓരോ കേന്ദ്രവും ആകർഷണീയമായിരിക്കണം. അതിന് ശുചിത്വം പരമപ്രധാനമാണ്. അതിനാൽ പ്രദേശികമായി ജനങ്ങളെ ബോധവത്കരിക്കാൻ കാമ്പയിൻ നടത്തേണ്ടത് അത്യാവശ്യമാണ്. ഇത് തുടർപ്രക്രിയയാണ്. ടൂറിസം ക്ലബുകൾ ഇതിന് മുൻകൈയെടുക്കണം. സന്നദ്ധ സംഘടനകൾ, ശുചിത്വമിഷൻ, തദ്ദേശസ്ഥാപനങ്ങൾ, എന്നിവ സംയോജിച്ച് പദ്ധതികൾ നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
ബേക്കൽ ബീച്ച് ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു
കാസർകോട്: ഡിസംബറിൽ നടക്കുന്ന ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റിവലിന്റെ ലോഗോയും പ്രൊമോ വീഡിയോയും ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു. ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ്, ടൂറിസം ഡയറക്ടർ പി.ബി. നൂഹ് എന്നിവർ ലോഗോ ഏറ്റുവാങ്ങി. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി, ബി.ആർ.ഡി.സി എം.ഡി പി. ഷിജിൻ എന്നിവർ പങ്കെടുത്തു.
ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റിവൽ ലോഗോ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രകാശനം ചെയ്യുന്നു