തൃക്കരിപ്പൂർ: കുതിച്ചെത്തിയ ട്രെയിന് മുന്നിൽ നിന്ന് സാഹസികമായി വൃദ്ധനെ രക്ഷപ്പെടുത്തിയ ഹോംഗാർഡിന് നാടിന്റെ അഭിനന്ദന പ്രവാഹം. ചന്തേര പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് ചെറുകാനം സ്വദേശി ഇ. രാജനാണ് ട്രെയിനിടിക്കുമായിരുന്ന വൃദ്ധനെ രക്ഷപ്പെടുത്തി ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്. സംഭവം സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായതോടെ വിവിധ സാംസ്കാരിക സംഘടനകളും പ്രമുഖ വ്യക്തികളും രാജനെ ആദരിച്ചു. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം.

അടഞ്ഞുകിടന്ന ഗേറ്റിലൂടെ ലോട്ടറി വിൽപ്പനക്കാർ മംഗളൂരു ഭാഗത്ത് മാത്രം ശ്രദ്ധിച്ച് റെയിൽവേ ലൈൻ ക്രോസ് ചെയ്യുന്നതിനിടെ കണ്ണൂർ ഭാഗത്ത് നിന്ന് ഇന്റർസിറ്റി കടന്നുവരുന്നു. ഗേറ്റ് കീപ്പറും റെയിൽവേ ഗേറ്റിൽ നിർത്തി

യിട്ട ഇരുചക്ര വാഹന യാത്രക്കാരും വിളിച്ചു പറഞ്ഞെങ്കിലും കേൾവി കുറവുള്ള വൃദ്ധൻ ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല.

ഈ സമയം ഗേറ്റ് പരിസരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രാജൻ മറ്റൊന്നും ആലോചിക്കാതെ ഗേറ്റ് ചാടിക്കടന്ന് വൃദ്ധനെ പിടിച്ചു മാറ്റിയതും അതിവേഗത്തിൽ ട്രെയിൻ കടന്നുപോവുകയും ചെയ്തു . കഴിഞ്ഞ ആറ് വർഷമായി ഹോം ഗാർഡിൽ ജോലിചെയ്തുവരുന്ന രാജൻ 1999 ൽ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ജവാനാണ്.

ചന്തേര ജനമൈത്രീ പൊലീസ് സംഘടിപ്പിച്ച ചടങ്ങിൽ സി.ഐ പി. നാരായണൻ രാജനെ പൊന്നാട അണിയിച്ചു. ചെറുകാനം സി. കുഞ്ഞിക്കണ്ണൻ സാംസ്കാരിക വേദിയും രാജനെ ആദരിച്ചു. വി.കെ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എൽ.ജെ.ഡി ജില്ല പ്രസിഡന്റ് ടി.വി ബാലകൃഷ്ണൻ പൊന്നാട അണിയിച്ചു. ജില്ല സെക്രട്ടറി വി.വി. കൃഷ്ണൻ, ടി. അജിത, യു. മോഹനൻ, മോഹനൻ മാസ്റ്റർ, കെ.വി. മുരളി, എം.വി മുരളി സംസാരിച്ചു. ഇ. ബാലകൃഷ്ണൻ സ്വാഗതവും കെ. പത്മനാഭൻ നന്ദിയും പറഞ്ഞു.