കാസർകോട്: നിയമം ലംഘിച്ച് ഓടുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരെ കാസർകോട്ടും മോട്ടോർ വാഹന വകുപ്പ് അധികൃതർ കർശന നടപടി തുടങ്ങി. 24 ടൂറിസ്റ്റ് ബസുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത അധികൃതർ ഒരു ബസിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതിന് ശുപാർശ ചെയ്തു. കാസർകോട്, ബേക്കൽ, കുമ്പള അനന്തപുരം തുടങ്ങിയ വിനോദസഞ്ചാര മേഖലകളിൽ ഇന്നലെ പുലർച്ചെ മുതലാണ് കാസർകോട് എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ എം. ടി ഡേവിസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പരിശോധന കടുപ്പിച്ചത്.
അധിക ലൈറ്റ് സംവിധാനങ്ങൾ, വലിയ ശബ്ദ ഉപകരണങ്ങൾ ഘടിപ്പിക്കൽ, ആഢംബരത്തിന്റെ ഭാഗമായി അഡീഷണൽ ഫിറ്റിംഗ്സ് നടത്തൽ തുടങ്ങിയ നിയമ ലംഘനങ്ങൾ ആണ് കണ്ടെത്തിയത്. സ്പീഡ് ഗവർണർ ഉൾപ്പെടെ അഴിച്ചുമാറ്റിയ നിലയിൽ കണ്ടെത്തിയ ബസിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതിനാണ് നോട്ടീസ് നൽകിയത്.
കാസർകോട് ഭാഗത്തേക്ക് എത്തിയ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ബസ് പുലർച്ചെ നാലുമണിയോടെ മടക്കയാത്രയിലാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചത്. 40 ബസുകൾ ആണ് ഇന്നലെ പരിശോധിച്ചത്. നിർത്തിയിട്ടതും സർവീസ് നടത്തുന്നതുമായ ബസുകൾ പരിശോധിച്ചു. കേസ് രജിസ്റ്റർ ചെയ്ത 24 ബസ്സിന്റെ ഉടമകൾക്കും പിഴ ചുമത്തിയിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന കർശനമാക്കും.