തളിപ്പറമ്പ്: ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ അ‌ത്‌ലറ്റിക് മീറ്റിൽ പ്രാപ്പൊയിൽ അമിഗോസ് സ്‌പോട്സ് ക്ലബ്ബ് ഓവറോൾ ചാമ്പ്യന്മാരായി. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ജില്ലയിലെ മലയോര മേഖലയിൽ പ്രവർത്തിക്കുന്ന ക്ലബ്ബ് കിരീടം പിടിച്ചെടുത്തത്. 323 പോയിന്റാണ് ചാമ്പ്യൻമാർ നേടിയത്. 166 പോയന്റ് നേടി കതിരൂർ യുവധാര ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. 127 പോയന്റ് നേടി കണ്ണൂർ മുൻസിപ്പൽ വൊക്കേഷണൽ ഹയർ സെക്കൻഡറി മൂന്നാം സ്ഥാനം നേടി. 105 പോയന്റ് നേടിയ തലശ്ശേരി സായി നാലാം സ്ഥാനവും നേടി. അണ്ടർ 14, 16, 18, 20, 20ന് മുകളിൽ കാറ്റഗറികളിൽ പുരുഷ വനിത വിഭാഗങ്ങളിലായി 147 ഇനങ്ങളിലായാണ് മൂന്നു ദിവസമായി മത്സരങ്ങൾ നടന്നത്. ജില്ലയിലെ വിവിധ സ്‌പോട്സ് അക്കാഡമി, കോളേജ്, സ്‌കൂളുകൾ, ക്ലബ്ബുകൾ എന്നിവയുടെ ബാനറിലാണ് കായിക താരങ്ങൾ മൽസരിച്ചത്. 650 ൽ പരം പേർ വിവിധ മൽസരങ്ങളിൽ പങ്കെടുത്തു. വിജയികൾക്ക് ഖേലോ ഇന്ത്യ ഫെർഫോമൻസ് ഡയറക്ടർ പി.ടി. ജോസഫ് ഉപഹാരങ്ങളും ട്രോഫികളും നൽകി. പി. പി. ബിനീഷ് അദ്ധ്യക്ഷനായി. കെ.എസ്. മാത്യു, പി.നാരായണൻ കുട്ടി, ഷിനിൽ കുര്യാക്കോസ് എന്നിവർ സംസാരിച്ചു.