കണ്ണൂർ: നൂറുകണക്കിന് വിനോദസഞ്ചാരികൾ വന്നു പോകുന്ന പയ്യാമ്പലം ചിൽഡ്രൻസ് പാർക്കിലെ ശൗചാലയത്തിലെ സെപ്റ്റി ടാങ്ക് പൊട്ടി മുൻവശത്ത് മലിനജലം പുറത്തേക്ക് ഒഴുകുന്നു. ഡി.ടി.പി.സി അടുത്തകാലത്ത് അറ്റകുറ്റപണി നടത്തിയ ശൗചാലയമാണ് വിനോദസഞ്ചാരികൾക്ക് ദുർഗന്ധവും നാടിന് അവമതിപ്പുമുണ്ടാക്കുന്നത്.
പയ്യാമ്പലം ചിൽഡ്രൻസ് പാർക്കിൽ നിത്യേനെ നൂറുകണക്കിന് വിനോദസഞ്ചാരികളാണ് കൊവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയതിനു ശേഷം വരുന്നത്. പയ്യാമ്പലം കടൽതീരത്തിന്റെ സൗന്ദര്യമാസ്വദിക്കാനായി നിരവധി വിനോദസഞ്ചാരികളും എത്തുന്നുണ്ട്. എന്നാൽ അവർക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനുള്ള ഏക ആശ്രയമാണ് ഈ ശൗചാലയം. ഇതു അടച്ചിട്ടതു കാരണം സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ കടുത്ത ദുരിതത്തിലാണ്. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ശവസംസ്‌കാര ചടങ്ങുകൾക്കു ശേഷം നടന്ന സർവകക്ഷി അനുസ്മരണ യോഗം പയ്യാമ്പലം ചിൽഡ്രൻസ് പാർക്കിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് നടന്നത്. പാർക്കിന്റെ മതിലിന് ഇപ്പുറമാണ് കറുത്ത തടാകം പോലെ മലിനജലം കെട്ടിക്കിടന്നത്. മഹാജനസഞ്ചയം പയ്യാമ്പലത്ത് എത്തുമെന്ന് മുൻകൂട്ടി അറിയാമായിരുന്നിട്ടും ഈ ശൗചാലയത്തിന്റെ അറ്റകുറ്റപ്പണി നടത്താൻ ജില്ലാ ടൂറിസം വകുപ്പ് തയ്യാറാവാത്തത് ഗുരുതര വീഴ്ചയായിട്ടാണ് വിനോദസഞ്ചാരികൾ ചൂണ്ടിക്കാട്ടുന്നത്.
താൽപര്യം റോപ് വേയിൽ
പാർക്കിൽ സ്ഥിതി ചെയ്യുന്ന കാനായി കുഞ്ഞിരാമന്റെ ശിൽപം അവിടുന്ന് മാറ്റി റോപ് വേ സ്ഥാപിക്കാൻ ടവർ പണിയാൻ ലക്ഷങ്ങൾ ചെലവഴിക്കുന്ന ഡി.ടി.പി.സിയാണ് വിനോദസഞ്ചാരികൾക്ക് പ്രാഥമിക സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ വീഴ്ച കാണിക്കുന്നതെന്ന പരാതിയും ഉയരുന്നുണ്ട്.
കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നു പോലും വിനോദസഞ്ചാരികളെത്തുന്ന സ്ഥലങ്ങളിലൊന്നാണ് പയ്യാമ്പലം. ഇവിടെ ഇത്തരമൊരു അവസ്ഥ ഖേദകരമാണ്. കണ്ണൂരിന് തന്നെ ഇതു നാണക്കേടായി മാറുകയാണ് അടിയന്തരമായി ശൗചാലയത്തിൽ അറ്റകുറ്റപണി നടത്തി ഉപയോഗ്യമാക്കണം.
അഡ്വ. ദേവദാസ് തളാപ്പ് (മനുഷ്യാവകാശ പ്രവർത്തകൻ)