
കണ്ണൂർ: നിരവധി രാജ്യാന്തര മത്സരങ്ങൾ നടന്ന ജവഹർ സ്റ്റേഡിയത്തെ ചൊല്ലി കോൺഗ്രസും സി.പി.എമ്മും കോമ്പുകോർക്കുമ്പോൾ മൈതാനത്തിന്റെ ശോചനീയാവസ്ഥയെ ചൊല്ലി വിലപിക്കുകയാണ് കണ്ണൂരിലെ കായികപ്രേമികൾ.കോർപറേഷനും സംസ്ഥാനഭരണവും മാറിമാറി കൈകാര്യം ചെയ്ത പാർട്ടികൾ മനസുവച്ചാൽ സ്റ്റേഡിയത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പരിഹരിക്കാൻ സാധിക്കുമായിരുന്നില്ലേയെന്ന ചോദ്യമാണ് അവരിൽ നിന്നുയരുന്നത്.
തെരുവുനായ്ക്കൾക്കും പശുക്കൾക്കും വിശ്രമിക്കുന്നതിനും മാലിന്യവണ്ടികളുടെ ഷെൽട്ടറുമാണ് ഇപ്പോൾ പ്രതാപമേറിയ ഈ സ്റ്റേഡിയം. രാജ്യാന്തര തലങ്ങളിൽ പോലും തിളങ്ങിയ കായികതാരങ്ങൾ പിറന്ന കണ്ണൂരിൽ അഭിമാനമായി നിൽക്കേണ്ടുന്ന സ്റ്റേഡിയത്തിൽ വിവിധ പാർട്ടികളുടെ സമ്മേളനങ്ങളും പൊതുയോഗങ്ങളും മാത്രമാണിപ്പോൾ നടന്നുവരുന്നത്.
കണ്ണൂർ കോർപറേഷൻ ആസ്ഥാനമന്ദിരത്തിന്റെ പ്രവൃത്തി പൂർത്തിയാകുന്നതിന് പിന്നാലെ സ്റ്റേഡിയം പുതുക്കിപണിയാനാണ് കോർപറേഷന്റെ തീരുമാനം. എന്നാൽ ഇത് കായിക പ്രേമികളിൽ ആശ്വാസം പകരുന്നില്ല.
മൈതാനങ്ങളുടെ നാട്
കളിക്കാൻ മാത്രമില്ല
നിരവധി മൈതാനങ്ങളാണ് കണ്ണൂരിനുള്ളത്. പക്ഷെ ഒന്നും കായികതാരങ്ങൾക്ക് ഉപകരിക്കുന്നില്ലെന്ന് മാത്രം. ജവഹർ സ്റ്റേഡിയം പരിപാലനമില്ലാതെ പാടെ അവഗണിക്കപ്പെട്ട മട്ടിലാണ്. രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങളുടെ നടത്തിപ്പിനാണ് ഇത് വിട്ടുകൊടുക്കുന്നത്. കളക്ടറേറ്റ് മൈതാനവും പൊലീസ് മൈതാനവും മേളകൾ നടത്തുന്നതിന് മാത്രമായി പരിമിതപ്പെട്ട മട്ടാണ്. പൊലീസ് പരേഡ് ഗ്രൗണ്ടിലാകട്ടെ പൊതുജനങ്ങൾക്ക് പ്രവേശനമില്ല.കോട്ടമൈതാനവും വിളക്കുംതറ മൈതാനവും പട്ടാളത്തിന്റെ കൈവശവുമാണ്. പയ്യാമ്പലം ബീച്ചിന്റെ ഒരുഭാഗം മുഴുവൻ കടലെടുത്തുകഴിഞ്ഞു. മേലെചൊവ്വ പാതിരപ്പറമ്പ് മൈതാനത്തിൽ പുറത്തുനിന്നും വരുന്നവർക്ക് കർശനനിയന്ത്രണവും.
ജയരാജന്റെ ചോദ്യം
കഴിഞ്ഞ ഏപ്രിലിൽ പാർടി കോൺഗ്രസിന്റെ മുന്നോടിയായി വാടകയ്‌ക്കെടുത്തപ്പോൾ ഫുട്‌ബോൾ പരിശീലനം നടക്കുന്ന അൽപ്പഭാഗമൊഴിച്ച് എല്ലായിടവും കാടുപിടിച്ച് മനുഷ്യർക്ക് കയറാൻ പറ്റാത്ത നിലയിലായിരുന്നുവെന്നാണ് സി.പി.എം ജില്ലാസെക്രട്ടറി എം.വി ജയരാജൻ പറയുന്നത്. നൂറുകണക്കിന് പ്രവർത്തകർ ദിവസങ്ങളോളം അധ്വാനിച്ചാണ് കാടുവെട്ടി വൃത്തിയാക്കിയത്. പവിലിയനും ഗാലറികളുമൊക്കെ വെള്ളപൂശി ആകർഷവുമാക്കി. തിരിച്ചുനൽകുമ്പോൾ ഒരുപോറൽപോലും വരുത്തിയിട്ടുമില്ല. എന്നിട്ടും പിഴയെന്ന് ആരോപിച്ച് കെട്ടിവച്ച കാശ് തിരിച്ചുനൽകാത്തവർ നവീകരണത്തിന് ഇനിയും നടപടി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. സ്റ്റേഡിയത്തിലെ പടവുകൾ ഇടിഞ്ഞുതീരുകയാണ്. കോംപ്ലക്സിലെ കടകളിൽ മിക്കതും പവിലിയനും ചോർന്നൊലിക്കുന്നു. ഇതൊന്നും കാണാൻ കോർപറേഷന് കണ്ണില്ലെയെന്നാണ് സി.പി.എമ്മിന്റെ ചോദ്യം.
മറഡോണ ഇറങ്ങിയ മൈതാനം
ഫുട്ബാൾ മത്സരത്തിലല്ലെങ്കിലും സാക്ഷാൽ മറഡോണ പന്ത് തട്ടിയ രാജ്യത്തെ രണ്ടാമത്തെ മൈതാനമെന്ന ഖ്യാതിയുണ്ട് സ്റ്റേഡിയത്തിന്. ഐ.എം. വിജയൻ സീസർകട്ടിലൂടെ ഗോൾനേടിയ പുൽത്തകിടിയാണിത്. മോഹൻബഗാനും ഈസ്റ്റ്ബംഗാളും മുഹമ്മദൻസും ജെ.സി.ടിയും സാൽഗോക്കറും കേരള പൊലീസും അടക്കിവാണ ഗ്രൗണ്ട്. സന്തോഷ് ട്രോഫി, ഫെഡറേഷൻ കപ്പ്, ഇ.കെ നായനാർ കപ്പ്, ശ്രീനാരായണ കപ്പ്, സംസ്ഥാന സ്‌കൂൾ കായിക മേള എന്നിവയ്ക്കൊക്കെ സാക്ഷ്യം വഹിച്ച ഗ്രൗണ്ടുമാണ് ജവഹർ സ്റ്റേഡിയം.
കളിയല്ല, കണ്ണിൽ കച്ചവടം
കിഫ്ബി ഫണ്ട് ഉപയോഗിച്ച് തദ്ദേശസ്ഥാപനങ്ങളിലെ സ്റ്റേഡിയം നവീകരിക്കാൻ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ ആവിഷ്കരിച്ച പദ്ധതി വഴി ജവഹർ സ്റ്റേഡിയം പുനരുദ്ധീകരിക്കാൻ സാധിക്കുന്നതായിരുന്നു.പതിമൂന്നു കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. കോർപറേഷനിൽ നിന്നും സ്റ്റേഡിയത്തെ തട്ടിയെടുക്കാനുള്ള ഗൂഢതന്ത്രമാണെന്ന വാദമാണ് പിന്നീട് ഭരണത്തിലേറിയ യു.ഡി.എഫ് ഉന്നയിച്ചത്. ഇടതുഭരണകാലത്ത് കൗൺസിൽ ഇതു തള്ളിയതാണെന്നും മേയർ ടി. ഒ മോഹനൻ വിശദീകരിക്കുന്നു.. പുതുതായി പണിയുന്ന സ്റ്റേഡിയത്തിന്റെ ഷോപ്പിംഗ് കോപം്ളക്സിൽ നിന്നുള്ള വരുമാനം സ്‌പോർട്്്സ് കൗൺസിിലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് നൽകുന്നത് കോർപറേഷന്റെ നട്ടെല്ലൊടിക്കുമെന്നും അദ്ദേഹം വാദിക്കുന്നു.