photo-1-
ഫാത്തിമത്തുൽ ഫിദ

കണ്ണൂർ:വാക്കുകൾ ബുദ്ധിമുട്ടി പറയുന്ന ഫാത്തിമത്തുൽ ഫിദ ഭാരമേറിയ ഡിസ്കും ഷോട്ട് പുട്ടും ജാവലിനും അനായാസം നീട്ടി വലിച്ചെറിയുന്നത് ആവേശ കാഴ്ചയായിരുന്നു.ഇന്നലെ കണ്ണൂ‌ർ പൊലീസ് മൈതാനിയിൽ ഡെഫ് അസോസിയേഷൻ സംഘടിപ്പിച്ച ബധിര മൂക വിദ്യാ‌ർത്ഥികളുടെ കായികമത്സരത്തിലെ ഈ മൂന്ന് മത്സരങ്ങളിലും ഒന്നാം സ്ഥാനക്കാരിയായിരുന്നു ഈ മിടുമിടുക്കി.

ഇരിട്ടി ഉളിക്കൽ സ്വദേശി ഫിദ 2020ൽ നടന്ന ദേശീയ തല മത്സരത്തിലും ഡിസ്കസ് ത്രോ, ഷോട്ട് പുട്ട്, ജാവലിൽ ത്രോ എന്നാ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.കൊവിഡ് പശ്ചാത്തലത്തിൽ മുടങ്ങിയ കായികരംഗത്തേക്കുള്ള തിരിച്ചു വരവ് കൂടിയായിരുന്നു ഫിദയ്ക്ക് ഈ മത്സരം.കൊവിഡിന് ശേഷം പരിശീലനവും മുടങ്ങിയിരുന്നു.നിലവിൽ ചിട്ടയായ പരിശീലനവും ഫിദയ്ക്ക് സ്കൂളിൽ നിന്നും നൽകുന്നുണ്ടെന്ന് അദ്ധ്യാപകർ പറഞ്ഞു. ദിവസവും രാവിലെയും വൈകീട്ടുമാണ് പരിശീലനം .

കഴിഞ്ഞ വർഷങ്ങളിൽ നടന്ന മത്സരങ്ങളിലും ഡിസ്കസ് ത്രോ,ഷോട്ട്പൂട്ട്,ജാവലിൻ എന്നീ ഇനങ്ങളിലെ താരമായിരുന്നു ഫിദ.ദേശീയ തലത്തിൽ വലിയ താരമായി മാറാണമെന്നാണ് ഫിദയുടെ ആഗ്രഹം.കരുവാരക്കുണ്ട് ഡോൺബോസ്കോ സ്പീച്ച് ആച്ച് ഹിയറിംഗ് സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് ഫിദ.ഫാസിലിന്റെയും റഹീദയുടെയും മകളാണ്.