
* ശുദ്ധ വെജിറ്റേറിയൻ, ഭക്തരുടെ പ്രിയൻ
കാസർകോട് : ആരെയും ഉപദ്രവിക്കാതെ, നിവേദ്യം മാത്രം കഴിച്ച് ശുദ്ധ സസ്യഭുക്കായി കുമ്പള അനന്തപുരം ക്ഷേത്രക്കുളത്തിൽ കഴിഞ്ഞിരുന്ന ബബിയ മുതലയ്ക്ക് താന്ത്രിക വിധി പ്രകാരം വിട നൽകി. ഞായറാഴ്ച രാത്രി 11 മണിയോടെ കുളത്തിൽ ചത്തുപൊങ്ങിയ ബബിയയ്ക്ക് 77 വയസാണ് കണക്കാക്കുന്നത്.
തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനം എന്ന് പറയപ്പെടുന്ന അനന്തപുരം ക്ഷേത്രത്തിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ ബബിയയുടെ ജീവിതം ദേശീയ ശ്രദ്ധ നേടിയിരുന്നു.
മുതലയെ കാണുന്നത് ഭാഗ്യമെന്ന് വിശ്വസിച്ചിരുന്ന ഭക്തർ ദർശനത്തിനായി ക്ഷേത്രക്കുളത്തിന് സമീപം മണിക്കൂറുകളോളം കാത്തിരിക്കാറുണ്ട്. ഇന്നലെ രാവിലെ ബബിയയുടെ മൃതദേഹം ക്ഷേത്രങ്കണത്തിൽ പൊതുദർശനത്തിന് വച്ചു. ഉച്ചവരെ ക്ഷേത്രത്തിലെ മുഴുവൻ ചടങ്ങുകളും പൂജയും നിറുത്തിവച്ചു. ആചാരക്കാർ വിഷ്ണു സഹസ്ര നാമം ചൊല്ലി ബബിയയ്ക്ക് പുഷ്പങ്ങൾ അർപ്പിച്ചു. 12 മണിയോടെ ക്ഷേത്ര പറമ്പിൽ സ്റ്റേജിനോട് ചേർന്ന് പ്രത്യേകം കുഴിയെടുത്താണ് സംസ്കരിച്ചത്. ഗോവിന്ദ ഗോവിന്ദ... വിളികളോടെയാണ് ബബിയയെ കുഴിയിലേക്ക് എടുത്തത്. രണ്ടുമണിക്ക് മേൽശാന്തി ഗണേശ തന്ത്രിയുടെ കാർമ്മികത്വത്തിൽ പ്രത്യേക പൂജ നടത്തി.
കുറച്ചു ദിവസങ്ങളായി ബബിയ ക്ഷീണിതനായിരുന്നെന്ന് ക്ഷേത്ര ജീവനക്കാർ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂർ ഇതിനെ ആരും കണ്ടിരുന്നുമില്ല. പൗർണമി ഭജനയുണ്ടായിരുന്നതിനാൽ ഞായറാഴ്ച വൈകിയും ശാന്തിക്കാരും ആചാരക്കാരും ക്ഷേത്രത്തിൽ ഉണ്ടായിരുന്നു. ബബിയയെ അന്വേഷിക്കുന്നതിനിടയിൽ ശരീരം പൊങ്ങിവരികയായിരുന്നെന്ന് ക്ഷേത്രത്തിലെ ജീർണോദ്ധാരണ കമ്മിറ്റി സെക്രട്ടറി സുനിൽ പറഞ്ഞു.
ബബിയയെ യാത്രയാക്കാൻ ജനസാഗരമാണ് ക്ഷേത്രത്തിലെത്തിയത്. രാജ് മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എമാരായ എ.കെ.എം. അഷറഫ്, എൻ.എ. നെല്ലിക്കുന്ന്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ, കാസർകോട് ഡി.എഫ്.ഒ ബിജു, ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ എത്തിയിരുന്നു.
രാത്രി ക്ഷേത്ര കാവൽക്കാരൻ
1945ൽ ബ്രിട്ടീഷ് സൈനികന്റെ വെടിയേറ്റ് അനന്തപുരത്തെ ഒരു മുതല ചത്തിരുന്നു. അതിന് അടുത്ത ദിവസം ഒരു മുതലക്കുഞ്ഞ് പ്രത്യക്ഷപ്പെട്ടു. ഇതിനെയാണ് ബബിയ എന്ന് വിളിച്ചുവന്നിരുന്നത്. ക്ഷേത്ര പൂജകൾക്ക് ശേഷം തന്ത്രി നൽകുന്ന നിവേദ്യം ഇഷ്ടത്തോടെ കഴിക്കും. മേൽശാന്തി രാത്രി നടയടച്ചു പോയാൽ ബബിയ കുളത്തിൽ നിന്നു കയറി കാവലെന്നപോലെ ക്ഷേത്രസന്നിധിയിൽ കിടക്കും. പുലർച്ചെ ഗേറ്റ് തുറക്കുമ്പോൾ തിരികെ തടാകത്തിൽ മറയും. രണ്ടു വർഷം മുൻപ് ബബിയ ക്ഷേത്ര തിരുനടയിലുമെത്തി.
ക്യാപ്ഷൻ: കുമ്പള അനന്തപുരം ക്ഷേത്ര തടാകത്തിൽ കഴിഞ്ഞിരുന്ന ബബിയ മുതലയുടെ ശരീരം ക്ഷേത്രപൊതുദർശനത്തിന് വച്ചപ്പോൾ