ആലക്കോട്: ആരോഗ്യ പരിപാലനരംഗത്ത് അനുദിനം വളർച്ച നേടുന്ന കേരളത്തിൽഏറേപിന്നാക്കംനിൽക്കുകയാണ്ഒരുമലയോരപ്രദേശം.ആലക്കോട് മേഖലയിൽ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രം പോലുമില്ലാത്തത് ആദിവാസി കോളനികളും താഴ്ന്ന വരുമാനക്കാരുമായ ആയിരങ്ങളുടെ ദുരിതം വർദ്ധിപ്പിക്കുകയാണ്.

1980 ൽ അതിവിസ്തൃതമായ ആലക്കോട് പഞ്ചായത്ത് വിഭജിച്ച് ഉദയഗിരി ഗ്രാമപഞ്ചായത്ത് രൂപീകൃതമായപ്പോൾ ആലക്കോട് പഞ്ചായത്തിൽ ആകെയുണ്ടായിരുന്ന മണക്കടവ് പി.എച്ച്.സി ഉദയഗിരി പഞ്ചായത്തിൽപ്പെടുകയായിരുന്നു. പുതിയ പഞ്ചായത്തിൽ വീണ്ടും ഒരു പി.എച്ച്.സി കൂടി സർക്കാർ അനുവദിച്ചപ്പോൾ വീണ്ടും 10 വർഷക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ആലക്കോട് പഞ്ചായത്തിന് അനുവദിച്ച പി.എച്ച്.സി സ്ഥാപിക്കപ്പെട്ടത് തേർത്തല്ലിയിൽ. 21 വാർഡുകളുള്ള ആലക്കോട് പഞ്ചായത്തിലെ 11 വാർഡുകളും രയറോം പുഴയ്ക്ക് ഇക്കരെയാണ്. കാപ്പിമല, കരാമരംതട്ട്, പാത്തൻപാറ കൊട്ടയാട് തുടങ്ങിയ പ്രദേശങ്ങളിലെ പട്ടികവർഗ്ഗ കോളനികളിൽ ഉള്ളവരടക്കം 20 കി.മീറ്റർ അകലെയുള്ള തേർത്തല്ലിയിലെത്തി ചികിത്സ തേടേണ്ട ഗതികേടിലാണുള്ളത്. അര നൂറ്റാണ്ട് മുമ്പുവരെ ആലക്കോട് പാലത്തിനു സമീപം മൊബൈൽ ഡിസ്‌പ്പെൻസറി സേവനം ലഭിച്ചിരുന്നു. എന്നാൽ തേർത്തല്ലിയിലെ പി.എച്ച്.സി യുടെ പ്രവർത്തനപരിധിയിൽ പെട്ടതിനാൽ മെഡിക്കൽ ക്യാമ്പുകൾ പോലും ആലക്കോട് ടൗണിൽ അപൂർവ്വമായി മാത്രമാണ് നടക്കാറുള്ളത്.

ഒടുവള്ളിത്തട്ട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തി ചികിത്സ തേടുകയെന്നതാണ് ആലക്കോട് മേഖലയിലുള്ളവർക്ക് ഏക പോംവഴി. എന്നാൽ ദിവസേന അഞ്ഞൂറിലധികം രോഗികളെത്തുന്ന ഇവിടെ മണിക്കൂറുകൾ ക്യൂവിൽ നിന്നവേണം ചികിത്സ തേടുവാൻ.

ആലക്കോട് ടൗൺ കേന്ദ്രമായി ഒരു പി.എച്ച്.സി അനുവദിക്കുകയാണെങ്കിൽ ആലക്കോട്, നടുവിൽ പഞ്ചായത്തുകളിലെ 25 ഓളം വാർഡുകളിലുള്ള പതിനായിരക്കണക്കിന് ജനങ്ങൾക്ക് അത് ഏറെ പ്രയോജനപ്പെടും. പക്ഷേ, ആലക്കോട് കേന്ദ്രമായി സർക്കാർ ആശുപത്രി ആരംഭിക്കുന്നതിന് കാലങ്ങളായി തടസ്സം നിൽക്കുന്ന ഒരു വിഭാഗം രാഷ്ട്രീയ നേതാക്കളാണ് നാടിന്റെ ശാപമെന്നാണ്പറയുന്നത്.

തേർത്തല്ലി കേന്ദ്രമായി പുതിയ പഞ്ചായത്ത് രൂപീകരിക്കുന്നതിന് വർഷങ്ങളായി കൊണ്ടുപിടിച്ച ശ്രമങ്ങൾ നടന്നുവരികയാണ്. ആലക്കോട് പഞ്ചായത്ത് വിഭജിച്ച് രയറോം പുഴയ്ക്ക് അക്കരെയുള്ള 10 വാർഡുകൾ പുനക്രമീകരിച്ച് കൊണ്ട് രൂപീകൃതമാകുന്ന പുതിയ പഞ്ചായത്ത് വരുമ്പോഴും സർക്കാർ പി.എച്ച്.സി പോലുമില്ലാത്ത പഞ്ചായത്തായി ആലക്കോട് നിലനിൽക്കും.