puraskaram
ക്ഷേത്രകലാ അക്കാഡമിപുരസ്‌കാരം ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ വിതരണം ചെയ്യുന്നു

പഴയങ്ങാടി: ക്ഷേത്രകലാ അക്കാഡമിയുടെ 2021ലെ പുരസ്‌കാര വിതരണവും ക്ഷേത്രകലാസംഗമവും പഴയങ്ങാടി മണ്ടൂരിൽ മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രകലാശ്രീ പുരസ്‌കാരം വാദ്യകലാകാരൻ പെരുവനം കുട്ടൻ മാരാർക്കും ക്ഷേത്രകലാ ഫെലോഷിപ്പ് നാട്യാചാര്യ ഗുരു എൻ.വി കൃഷ്ണനും മന്ത്രി സമ്മാനിച്ചു.

സംസ്ഥാനത്തെ 23 കലാകാരൻമാർക്ക് ക്ഷേത്രകലാ പുരസ്‌കാരങ്ങളും ഏഴ് പേർക്ക് ഗുരുപൂജ പുരസ്‌കാരങ്ങളും നാല് പേർക്ക് യുവപ്രതിഭാ പുരസ്‌കാരങ്ങളും മന്ത്രി വിതരണം ചെയ്തു. ക്ഷേത്രകലാശ്രീ പുരസ്‌കാരത്തിന് 25,001 രൂപയും ക്ഷേത്രകലാ ഫെലോഷിപ്പിന് 15,001 രൂപയും മറ്റ് പുരസ്‌കാരങ്ങൾക്ക് 7500 രൂപയുമാണ് സമ്മാനത്തുക. പ്രശസ്തി പത്രവും ശിൽപവും സമ്മാനിച്ചു.
ചടങ്ങിൽ എം.വിജിൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, മുൻ എം.എൽ.എ ടി.വി രാജേഷ് എന്നിവർ മുഖ്യാതിഥികളായി. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജിർ, മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ കെ.പി.മനോജ് കുമാർ എന്നിവർ വിശിഷ്ടാതിഥികളായി. ക്ഷേത്രകലാ അക്കാഡമി ചെയർമാൻ കെ.എച്ച്.സുബ്രഹ്മണ്യൻ, സെക്രട്ടറി കൃഷ്ണൻ നടുവിലത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം.ശ്രീധരൻ, പി.ഗോവിന്ദൻ, ടി.സുലജ, എ.പ്രാർത്ഥന, ജില്ലാ പഞ്ചായത്തംഗം സി പി ഷിജു, ബ്ലോക്ക് പഞ്ചായത്തംഗം കെ.എം. ശോഭ, വാർഡ് മെമ്പർമാാരായ യു. രാധ, എം.ടി.സബിത, മലബാർ ദേവസ്വം ബോർഡ് അംഗം എം.വി ജനാർദനൻ, തുടങ്ങിയവർ സംബന്ധിച്ചു. രാവിലെ സോപാന സംഗീതത്തോടെയാണ് പരിപാടികൾക്ക് തുടക്കമായി. തുടർന്ന് വിവിധ ക്ഷേത്രകലകളുടെ സംഗമവും അരങ്ങേറി.

ക്ഷേത്രകലാ അക്കാഡമിക്ക് ആസ്ഥാനത്തിന് സ്ഥലംവിട്ടുനൽകാൻ നിർദ്ദേശം

ക്ഷേത്രകലാ അക്കാഡമിക്ക് ആസ്ഥാന മന്ദിരത്തിന് 50 സെന്റ് സ്ഥലം അനുവദിച്ചുനൽകാൻ മലബാർ ദേവസ്വം ബോർഡ് കമ്മിഷണർക്ക് നിർദേശം നൽകിയതായും മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. ക്ഷേത്രകലാ അക്കാഡമിപുരസ്‌കാര വിതരണവും ക്ഷേത്രകലാസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ക്ഷേത്രങ്ങൾക്കായി 458 കോടി സർക്കാർ ചിലവഴിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.കേരളത്തിലെ ക്ഷേത്ര കലകളെയും ക്ഷേത്രങ്ങളുടെ ഭൗതിക സാഹചര്യങ്ങളുമെല്ലാം കൂടുതൽ മെച്ചപ്പെടുത്താൻ വേണ്ടിയുളള ഇടപെടലാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.