cement
cement

കണ്ണൂർ : വൻകിട കമ്പനികൾ സിമന്റിനും കമ്പിക്കും കൃത്രിമക്ഷാമമുണ്ടാക്കി തോന്നിയ പോലെ വില ഉയർത്തുന്നത് നിർമ്മാണ മേഖലയ്ക്ക് തി​രി​ച്ചടി​യാവുന്നു. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും ഇന്ധന വിലക്കയറ്റവും ന്യായീകരണമായി പറഞ്ഞാണ് സിമന്റ് മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷൻ കേരളത്തിൽ മാത്രമായി വില വർദ്ധിപ്പിച്ചത്. മൂന്ന് മാസം കൂടുമ്പോൾ അസോസിയേഷൻ സിമന്റ് വില വർദ്ധിപ്പിക്കുകയാണെന്ന് വിതരണക്കാർ കുറ്റപ്പെടുത്തുന്നു. കമ്പിയുടെ വില ഒരു മാസത്തിനിടെ വർദ്ധി​ച്ചത് 30 മുതൽ 80 രൂപ വരെയാണ്.

പ്രീമിയം സിമന്റ്ബ്രാൻഡുകൾക്ക് നിശ്ചിത വില പോലും ഇല്ലാതായി. എ ഗ്രേഡ് കമ്പനികളായ എ.സി.സി, അൾട്രാടെക്, ശങ്കർ, രാംകോ തുടങ്ങിയ കമ്പനികളാണ് തോന്നിയ വില ഈടാക്കുന്നത്. ഒരാഴ്ചയ്ക്കിടെ സിമന്റിന് 90 രൂപ വർദ്ധി​ച്ചു. ഈ വർഷമാദ്യം ഒരു ചാക്ക് സിമന്റിന് 380 രൂപയായിരുന്നു. ഫെബ്രുവരി മുതൽ ഘട്ടംഘട്ടമായി 145 രൂപ വർദ്ധിപ്പിച്ചു. ഒപ്പം മണൽ, മെറ്റൽ എന്നിവയ്ക്കും വില കുതിക്കുകയാണ്.

ചെട്ടിനാട്, മലബാർ പോലുള്ള ബി ഗ്രേഡ് സിമന്റ് മാത്രമാണ് തെല്ല് ആശ്വാസം. 420 രൂപയാണ് മലബാർ സിമന്റിന്റെ ഇന്നലത്തെ വില. സ്വകാര്യ കമ്പനികൾ വില കൂട്ടുമ്പോൾ വൈകാതെ മലബാർ സിമന്റ്‌സും വില ഉയർത്തും.

കേരളത്തിൽ 90ശതമാനവും വിറ്റഴിക്കുന്നത് തമിഴ്‌നാട്ടിൽ നിന്നുള്ള എ, ബി കാറ്റഗറി സിമന്റാണ്. ബാക്കി ആന്ധ്രയിൽ നിന്നുള്ളതും.

ഗുരുതര പ്രത്യാഘാതം

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ സജീവമായ നിർമ്മാണ മേഖല വില വർദ്ധനയെ തുടർന്ന് പ്രതിസന്ധിയിലായിട്ടുണ്ട്. നിർമ്മാണം നടന്നുകൊണ്ടിരിക്കെയുണ്ടായ അപ്രതീക്ഷിത വിലവർദ്ധനവിൽ ബഡ്ജറ്റ് തകി​ടം മറി​ഞ്ഞു. വേണമെങ്കിൽ വാങ്ങിയാൽ മതിയെന്നാണ് കമ്പനികളുടെ നിലപാട്.

₹ 6600

ഒരു ലോഡ് മെറ്റൽ

₹ 12, 000

ഒരു ലോഡ് എം സാന്റ്

10 ലക്ഷം ടൺ

ഒരു ദിവസം സംസ്ഥാനത്ത് ആവശ്യമുള്ള സിമന്റ്

വി​ല കൂടി​യാലും ശതമാനക്കണക്കിൽ ലാഭം നൽകുന്ന പതിവ് കമ്പനികൾക്കില്ല. ഡീലേഴ്സിന് ഒരേ മാർജിനാണ് സിമന്റ് വില്പനയിൽ കിട്ടുന്നത്. ചാക്കൊന്നിനാണ് കമ്പനികൾ മാർജിൻ നിശ്ചയിച്ചി​രി​ക്കുന്നത്.

കെ.കെ. ബാബുരാജ്, സംസ്ഥാന സെക്രട്ടറി,

കേരള സിമന്റ് ഡീലേഴ്സ് അസോസിയേഷൻ