
കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിയെ സൂപ്പർ സ്‌പെഷ്യാലിറ്റി തലത്തിലേക്ക് ഉയർത്തുന്നതിനുള്ള പദ്ധതികൾക്ക് വേഗമേറുന്നു. ഇതിന്റെ ഭാഗമായി ഇന്ന് മുതൽ അൾട്രാ സൗണ്ട് സ്‌കാനിംഗ് സംവിധാനം നിലവിൽ വരും. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികൾക്ക് മാത്രമായിരിക്കും ആദ്യ ഘട്ടത്തിൽ ഇതിന്റെ സൗകര്യം ലഭിക്കുക. ജില്ലാ ആശുപത്രിയിൽ 60 കോടിയുടെ ആദ്യഘട്ട നിർമ്മാണ നവീകരണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്.
ചില കെട്ടിടങ്ങൾ നവീകരിച്ചും പുതിയ ബ്ലോക്കുകൾ നിർമ്മിച്ചും ആശുപത്രി നവീകരണം അവസാനഘട്ടത്തിലാണ്. നിലവിൽ നിർമ്മാണ പ്രവൃത്തി പുരോഗതിയിലാണ്. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സമഗ്ര പ്രാഥമികാരോഗ്യ സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജില്ലാ ആശുപത്രി നവീകരണം യാഥാർത്ഥ്യമാക്കുന്നത്. കെട്ടിടങ്ങളെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം, സർജറി വിഭാഗം, ട്രോമ കെയർ വിഭാഗം, സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗം എന്നിങ്ങനെ വിവിധ ബ്ലോക്കുകളായി തിരിക്കും. അടിയന്തര സാഹചര്യങ്ങൾ നേരിടാനാവശ്യമായ വിപുലമായ അത്യാഹിത വിഭാഗവും അത്യാധുനിക സംവിധാനങ്ങളുള്ള മൊബൈൽ ട്രോമാ കെയറും ആശുപത്രിയിലൊരുക്കുന്നുണ്ട്.
ജില്ലാ ആശുപത്രി അത്യാധുനിക ചികിത്സാ സംവിധാനങ്ങളൊരുക്കുന്നതോടൊപ്പം പരിസ്ഥിതിസൗഹൃദവും സൗന്ദര്യപൂർണവുമായ പരിസരവുമാണ് ആശുപത്രിയിൽ സൃഷ്ടിക്കും-ഡോ.വി.കെ.രാജീവൻ, സൂപ്രണ്ട്,
പുരോഗമിക്കുന്നു 60 കോടിയുടെ വികസനം
ഏഴ് അത്യാധൂനിക ഓപ്പറേഷൻ തിയറ്ററുകൾ
പുതിയ ബ്ലഡ് ബാങ്ക്
പുതിയ എക്‌സ്‌റേ, അൾട്രാ സൗണ്ട് എം.ആർ.ഐ സ്‌കാനിംഗ് സംവിധാനങ്ങൾ
ഒ.പിയിൽ മൂന്നൂറോളം പേർക്ക് ഇരിക്കാവുന്ന കാത്തിരിപ്പു കേന്ദ്രം
300ലേറെ പേരെ ഉൾക്കൊള്ളുന്ന ഓഡിറ്റോറിയം