ഇരിട്ടി: തദ്ദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് പവർഗ്രിഡ് 400 കെ.വി ലൈൻ നിർമ്മാണ പ്രവർത്തനം അയ്യൻകുന്ന് മുടയിരഞ്ഞിയിൽ നിർത്തിവച്ചു. ധാരണ പ്രകാരമുള്ള പാക്കേജ് പ്രകാരം നഷ്ട പരിഹാരം നല്കിയ ശേഷമേ ഉടമകളുടെ സ്ഥലത്തു കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ പ്രവർത്തനങ്ങൾ നടത്തൂവെന്ന വാഗ്ദാനം ലംഘിച്ചതായി ആരോപിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. ടവർ ഉടമകളിൽ നിന്ന് ഈ സ്ഥലത്തിന്റെ സർവ്വ അധികാരവും കവർന്നെടുക്കുന്ന നോട്ടീസാണ് കെ.എസ്.ഇ.ബി നൽകുന്നതെന്നും പറയുന്നു.
ആറളം, അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റുമാർ, വാർഡ് അംഗങ്ങൾ, 400 കെ.വി ലൈൻ കടന്നുപോകുന്ന സ്ഥലം ഉടമകൾ എന്നിവരുടെ യോഗം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സണ്ണി ജോസഫ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ജൂലായ് 11 ന് ചേർന്നിരുന്നു. വയനാട് കെ.എസ്.ഇ.ബി എൻജിനീയർമാർ ഉൾപ്പെടെ സംബന്ധിച്ച യോഗത്തിൽ വച്ച് നോട്ടീസ് നൽകി, പാക്കേജ് പ്രകാരം നഷ്ട പരിഹാരം കിട്ടിയ ശേഷമേ ഉടമകളുടെ സ്ഥലത്തു കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ പ്രവർത്തനങ്ങൾ നടത്താവൂ എന്നു തീരുമാനിക്കുകയായിരുന്നു.
കെ.എസ്.ഇ.ബിയുടെ കത്ത് നൽകാനെന്ന് പറഞ്ഞ് വന്ന ഉദ്യോഗസ്ഥർ സ്ഥലം അളക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനം തുടങ്ങിയപ്പോൾ എൻജിനീയർമാരേയും സംഘത്തേയും അയ്യൻകുന്ന് മുടയരിഞ്ഞിയിൽ തദ്ദേശവാസികളും സ്ഥലം ഉടമകളും തടയുകയായിരുന്നു. വിവരം അറിഞ്ഞു സ്ഥലത്ത് എത്തിയ അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, ബെന്നി പുതിയാമ്പുറം എന്നിവർ ഇവരുമായി സംസാരിച്ചു. സ്ഥലം ഉടമകളുടെയും ദേശവാസികളുടെയും ആവശ്യങ്ങൾ ന്യായമാണെന്നും, ടവർ ഉടമകൾക്കു മാത്രമല്ല ലൈൻ കടന്നുപോകുന്ന സ്ഥലം ഉടമകൾക്കും നഷ്ടപരിഹാരം അർഹതപ്പെട്ടതാണെന്നും പ്രസിഡന്റ് അറിയിച്ചു. തുടർന്ന് എൻജിനീയർമാർ മേലധികാരികളുമായും എം.എൽ.എയുമായും ഫോണിൽ ബന്ധപ്പെട്ടതിനെ തുടർന്ന് എല്ലാ പ്രവർത്തനങ്ങളും നിർത്തി വയ്ക്കാൻ നിർദ്ദേശിക്കുകയായിരുന്നു.
സ്ഥലം ഉടമകളുടെ പ്രതിനിധികളായി അണിയറ ജോൺസൺ, സാലു മൂത്തേടത്ത്, ജോജോ ആയാൻകുടി, ജോർജ്ജ് കിളിയന്തറ, ഷാജു ഇടശ്ശേരി എന്നിവർ ആശങ്കകൾ അറിയിച്ചു. കെ.എസ്.ഇ.ബി അസി. എൻജിനീയർ അബുൾ കയ്സ് , സബ് എൻജിനീയർ ടി.പി.എം. നവനീത്, എൽ ആൻഡ്ടി കമ്പനി സർവ്വേയർ സന്ദീപ് സിംഗ് എന്നീ ഉദ്യോഗസ്ഥരാണ് സർവ്വേക്ക് എത്തിയത്.
വൈദ്യുതി മന്ത്രി
കാണുന്നില്ലേ..
ഇരിട്ടിയിലെ യോഗ തീരുമാനപ്രകാരം അയ്യൻകുന്ന്, ആറളം പഞ്ചായത്ത് പ്രസിഡന്റുമാർ, സണ്ണി ജോസഫ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ എന്നിവർ നഷ്ടപരിഹാര പാക്കേജിനെക്കുറിച്ചുള്ള നിവേദനങ്ങൾ വൈദ്യുതി മന്ത്രിക്ക് നേരിട്ടു നൽകി കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. എന്നാൽ നാളിതുവരെ ഒരു പ്രതികരണവും സർക്കാർ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഇത് സ്ഥലം ഉടമകളെ പ്രകോപിപ്പിച്ചു. നിരവധി കർഷകരുടെ വിലയേറിയ വിള ഭൂമിയും, നാണ്യവിളകളും പിഴുതെറിയപ്പെടുകയാണ്.
വീണ്ടും യോഗം ചേരും
അയ്യൻകുന്ന്, ആറളം പഞ്ചായത്ത് പ്രസിഡന്റുമാർ, 400 കെ.വി പവർ ഗ്രിഡ് ടവർ സ്ഥാപിക്കുന്നതും ലൈൻ കടന്നു പോകുന്നതുമായ സ്ഥലം ഉടമകൾ എന്നിവരുടെ യോഗം 14 ന് വൈകിട്ട് 5 ന് എടൂരിൽ ആറളം പഞ്ചായത്ത് ഓഫീസിൽ വച്ച് വിളിച്ചിട്ടുണ്ട്. ഇതിനു ശേഷം പ്രവർത്തനങ്ങൾ പുനരാരംഭിക്കാനാണ് തീരുമാനം.