കാസർകോട്: ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയ്ക്കും പൊലീസ് ഉദ്യോഗസ്ഥർക്കും എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ അഭിനന്ദനം. മയക്കു മരുന്നിനെതിരെ 'ക്ലീൻ കാസർകോട്' എന്ന പേരിൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾക്കും നിയമ നടപടികൾക്കുമാണ് മന്ത്രി രേഖാമൂലം അഭിനന്ദനം അറിയിച്ചത്. കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊളവയൽ പ്രദേശത്ത് നാട്ടുകാരും പൊലീസും ജനമൈത്രി പൊലീസും മറ്റു സംവിധാനങ്ങളും ചേർന്ന് മയക്കുമരുന്നിനെതിരെ നടത്തിയ മുന്നേറ്റമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. കൊളവയാൽ ഗ്രാമം സമ്പൂർണ ലഹരി മുക്ത ഗ്രാമമാക്കാൻ നിർണായകമായ ഇടപെടലുകളിലൂടെ പൊലീസിനു കഴിഞ്ഞു. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നിർദ്ദേശാനുസരണം കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. പി.ബാലകൃഷ്ണൻ നായരുടെയും എസ്. എച്ച്.ഒ കെ.പി. ഷൈനിന്റെയും നേതൃത്വത്തിൽ പൊലീസ് സംവിധാനം ഊർജിതമായ ഇടപെടലുകളിലൂടെ ലഹരി ഉപയോഗിക്കുന്നവരെ കണ്ടുപിടിച്ച് മാനസീക പരിവർത്തനത്തിന് വിധേയമാക്കിയാണ് ഈ നേട്ടം കൈവരിച്ചത്.

1143 കേസുകൾ, 1300 പേർ അറസ്റ്റിൽ

ജില്ലയിൽ ഈ വർഷം ഇതുവരെ മയക്കുമരുന്ന് കടത്തിന് എതിരെയും ഉപയോഗത്തിനെതിരെയുമായി 1143 കേസുകൾ രജിസ്റ്റർ ചെയ്തു.113 കിലോ കഞ്ചാവ് പിടിച്ചെടുത്തു, ഇതോടൊപ്പം 836.250 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തിട്ടുണ്ട് കൂടാതെ 6.380 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി. ഈ കേസുകളിലായി 1300പേരെയാണ് അറസ്റ്റുചെയ്തത്.