എടക്കാട് പ്രദേശവാസികൾ പ്രതിഷേധത്തിലേക്ക്

കണ്ണൂർ: എടക്കാട് ടൗണിൽ ഹൈവേയ്ക്ക് അടിപ്പാത അനുവദിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ രംഗത്ത്. പുതിയ ഹൈവേ വരുന്നതോടെ എടക്കാട് ടൗൺ നിലനിൽക്കുന്നതിനും പ്രാദേശികമായ യാത്രാ സൗകര്യങ്ങൾ മുടങ്ങാതിരിക്കുന്നതിനും എടക്കാട് ടൗൺ ഭാഗത്ത് കൂടി ഒരു അടിപ്പാത അത്യാവശ്യമാണെന്നാണ് എടക്കാട് ടൗൺ അണ്ടർപ്പാസ് ആക്ഷൻ കമ്മിറ്റിയുടെ ആവശ്യം.

നിലവിലുള്ള പ്ലാൻ അനുസരിച്ച് കണ്ണൂർ ദിശയിൽ എടക്കാട് ടൗണിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരെയും തലശ്ശേരി ദിശയിൽ 500 മീറ്റർ അകലെയും അടിപ്പാത നിർമ്മിക്കാനാണ് നിർദ്ദേശമുള്ളത്. എന്നാൽ വിവിധ ഭാഗങ്ങളിലേക്ക് ടൗണിൽ നിന്നും പോകേണ്ടവർക്ക് കുറെയധികം ചുറ്റി സഞ്ചരിക്കേണ്ടി വരികയും ടൗണുമായി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്യുമെന്നാണ് ആക്ഷൻ കമ്മിറ്റിയുൾപ്പെടെയുള്ളവരുടെ അഭിപ്രായം. അടിപ്പാത നിർമ്മിച്ചില്ലെങ്കിൽ പുതിയ നാലുവരിപ്പാത പൂർത്തിയായാൽ എടക്കാട് ടൗണും അനുബന്ധ പ്രദേശങ്ങളും ഒരു വൻമതിലിന് ഇരു വശമായി ഒ​റ്റപ്പെടുമെന്നും പ്രദേശവാസികൾ പറഞ്ഞു.

കൂടാതം കടമ്പൂ‌ർ, കാടാച്ചിറ, ചക്കരക്കല്ല്, പിണറായി, മമ്പറം മുതലായ ഭാഗങ്ങളിലേക്ക് എടക്കാട് ടൗൺ വഴിയുള്ള റോഡുകളിലേക്ക് പ്രവേശനം ദുഷ്കരമാവുകയും ദീ‌ർഘദൂരം സഞ്ചരിക്കേണ്ടി വരികയും ചെയ്യും.

എടക്കാട് ടൗണിന് സമീപത്തായി അടിപ്പാത പണിയണമെന്ന് കടമ്പൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി സമിതി എൻ.എച്ച് പ്രോജക്ട് അധികൃതർക്ക് നിവേദനം നൽകിയിരുന്നു. ഇതേ തുടർന്ന് ദേശീയപാത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചിരുന്നു. മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും എം.പി, എം.എൽ.എ എന്നിവർക്കും നിവേദനം നൽകിയിട്ടുണ്ട്.

ബീച്ച് റോഡ് ഇല്ലാതാകും

മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലേക്കും പരിസരത്തുള്ള നിരവധി വീടുകളിലേക്കുമുള്ള എടക്കാട് നിന്നുള്ള ഏക മാർഗ്ഗമായ ബീച്ച് റോഡ് ഫലത്തിൽ ഇല്ലാതാകും.

ഒരു വശത്തെ സർവീസ് റോഡിൽ നിന്ന് മറുവശത്തേക്ക് അടിപ്പാതയുള്ള സ്ഥലങ്ങളിലൂടെ മാത്രമേ കടന്നുപോകാൻ സാധിക്കു.

നൂറുകണക്കിന് സ്കൂൾ ബസ്സുകളും മറ്റ് സ്വകാര്യ ബസ്സുകളും ഓടുന്ന കടമ്പൂർ, കാടാച്ചിറ റോഡുകളിലേക്കുള്ള പ്രവേശനം ദുഷ്കരമാകും

നാളെ ബഹുജന ധർണ, ഹർത്താൽ

എൻ.എച്ച് അണ്ടർ പാസ് ആക്ഷൻ കമ്മി​റ്റിയുടെ നേതൃത്വത്തിൽ നാളെ ബഹുജന ധർണ സംഘടിപ്പിക്കും. കണ്ണൂർ ദേശീയ പാത അതോറി​റ്റി പ്രോജക്ട് ഓഫീസിനു മുന്നിൽ രാവിലെ 9.30 ന് നടക്കുന്ന ധർണ്ണയിൽ വിവിധ രാഷ്ട്രീയ, വ്യാപാരി സംഘടനകൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എടക്കാട്ടെ വ്യാപാരികൾ ഹർത്താൽ ആചരിച്ചായിരിക്കും സമരത്തിൽ പങ്കെടുക്കുക. വാർത്താസമ്മേളനത്തിൽ ചെയർമാൻ പി.കെ. പുരുഷോത്തമൻ, കെ.വി. ജയരാജൻ, ഒ. സത്യൻ, എം.കെ. അബൂബക്കർ എന്നിവർ സംബന്ധിച്ചു.