കാഞ്ഞങ്ങാട്: തടസ്സങ്ങൾ നീങ്ങിയതോടെ കുശാൽ നഗർ റെയിൽവേ ഓവർബ്രിഡ്ജ് നിർമ്മാണം വേഗത്തിലാകും.

2020 ഫെബ്രുവരിയിൽ ഓവർബ്രിഡ്ജിന് കിഫ്ബിയിൽ ഉൾപ്പെടുത്തി 34.71 കോടി രൂപയുടെ പ്രവൃത്തിക്ക് അംഗീകാരം ലഭിച്ചിരുന്നു. സ്ഥലമെടുപ്പ് നടപടികളുമായി മുന്നോട്ടുപോകാൻ തുടങ്ങിയപ്പോഴാണ് സിൽവർ ലൈൻ വന്നത്. വടക്കൻ കേരളത്തിൽ മിക്കയിടങ്ങളിലും നിലവിലുള്ള റെയിൽവേ ട്രാക്കിന് സമീപത്തൂടെയായിരുന്നു നിർദ്ദേശിച്ചിരുന്നത്. ഇതേ തുടർന്ന് സിൽവർ ലൈൻ അലൈൻമെന്റ് പൂർത്തിയാകാതെ അനുവദിച്ച ഓവർബ്രിഡ്ജുകളുടെ നിർമ്മാണം തുടങ്ങാൻ കഴിയില്ലെന്ന സ്ഥിതി വന്നതോടെ തുടർ നടപടി തടസ്സപ്പെടുകയായിരുന്നു. ഈ തടസ്സമാണ് കേരള റെയിൽ ഡെവലപ്പ്‌മെന്റ് കോർപ്പേറേഷൻ ലിമിറ്റഡ് കേരളത്തിലെ മേൽപ്പാലങ്ങളുടെ ചുതലയുള്ള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിന് കത്ത് നൽകിയതോടെ നീങ്ങുന്നത്. ഇനി റെയിൽവേയുടെ അനുമതി മാത്രമാണ് വേണ്ടത്. റെയിൽവേയോട് അനുമതി തേടി കത്ത് നൽകുന്നതിനുള്ള നടപടികൾ ആർ.ബി.ഡി.സി ഉടൻ സ്വീകരിക്കുമെന്നും സ്ഥലം ഏറ്റെടുക്കൽ നടപടികൾ ഉൾപ്പെടെ വേഗത്തിൽ പൂർത്തീകരിക്കുമെന്നും ഇ ചന്ദ്രശേഖരൻ എം.എൽ.എ പറഞ്ഞു.

444.18 മീറ്റർ നീളം
രണ്ട് വരി ഗതാഗതവും ഫൂട്ട് പാത്തോടും കൂടിയുള്ള 444.18 മീറ്റർ നീളമുള്ള പാലമാണ് യാഥാർത്ഥ്യമാകുന്നത്. ഇതിനായി 149 സെന്റ് ഭൂമി ഏറ്റെടുക്കേണ്ടതായിട്ടുണ്ട്. 9 കെട്ടിടങ്ങൾ ഇതിന്റെ ഭാഗമായി പൊളിച്ചു നീക്കേണ്ടി വരും. 13.40 കോടി രൂപയാണ് ഇതിനായി ഉൾപ്പെടുത്തിയിട്ടുള്ളത്. റെയിൽവേയുടെ ഭാഗമായുള്ള സ്പാൻ നിർമ്മിക്കാൻ 5 കോടി 40 ലക്ഷം രൂപയും അതൊഴിച്ചുള്ള സ്പാൻ നിർമ്മിക്കുന്നതിന് 14 കോടി 45 ലക്ഷം രൂപയുമാണ് ചെലവഴിക്കുക. ഇലക്ട്രിക് ലൈൻ, ടെലഫോൺ ലൈൻ എന്നിവ മാറ്റുന്നതിന് ഉൾപ്പെടെയുള്ള തുകയും എസ്റ്റിമേറ്റിൽ ഉൾകൊള്ളിച്ചിട്ടുണ്ട്.

തീരദേശ മേഖലയ്ക്ക് അനുഗ്രഹം

കാഞ്ഞങ്ങാട്ടെ തീരദേശ മേഖലയിൽ ഗതാഗത തടസങ്ങളൊഴിവാക്കുന്ന പ്രവർത്തിയാണ് കാഞ്ഞങ്ങാട് കുശാൽ നഗർ ഓവർബ്രിഡ്ജ് പ്രവർത്തിയിലൂടെ യാഥാർത്ഥ്യമാവുന്നത്. 2013ലാണ് ഓവർബ്രിഡ്ജ് വേണമെന്നാവശ്യം ശക്തമായത്. ഇതേ തുടർന്ന് സ്ഥലം എം.എൽ.എ ആയിരുന്ന ഇ. ചന്ദ്രശേഖരൻ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയായിരുന്നു. കാഞ്ഞങ്ങാട് നഗരസഭയിലെ തീരദേശ മേഖലയായ കുശാൽനഗർ, കല്ലൂരാവി, ഹോസദുർഗ് കടപ്പുറം, പുഞ്ചാവി കടപ്പുറം, ഒഴിഞ്ഞവളപ്പ് തുടങ്ങിയ പത്തൊമ്പത് തീരദേശ വാർഡുകൾക്ക് പാലം യാഥാർത്ഥ്യമായാൽ ഗുണമായി മാറും. കൂടാതെ നീലേശ്വരം നഗരസഭയിലെ അഴിത്തല, തൈക്കടപ്പുറം, കണിച്ചിറ, മരക്കാപ്പ് കടപ്പുറം, കടിഞ്ഞിമൂല എന്നീ പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും കഴിയും.

പടം...

കുശാൽ നഗർ റെയിൽവേ ഗേറ്റ്