എം.ജി റോഡ് ഡസ്റ്റ് ഫ്രീ പദ്ധതി
ലക്ഷ്യം മാലിന്യമുക്ത നഗരപാത
നവീകരിക്കുന്നത് 485 മീറ്റർ റോഡ്.
സർക്കാർ അഗ്ലോമറേഷൻ ഫണ്ടിൽ നിന്ന് 1.75 കോടി
തുറമുഖ വകുപ്പിൽ നിന്ന് 2.50 കോടി
ഓരോ പത്ത് മീറ്ററിലും ചവറ്റുകൊട്ട
മാസത്തിലൊരിക്കൽ റോഡ് കഴുകും
'ഡസ്റ്റ് ഫ്രീ'യാക്കി സൗന്ദര്യവത്കരിക്കും
തലശേരി: ശുചിത്വ സുന്ദര നഗരമാവാനൊരുങ്ങി തലശ്ശേരി. ഇതിന്റെ മുന്നോടിയായി എം.ജി റോഡ് ഡസ്റ്റ് ഫ്രീ റോഡാക്കുന്ന പ്രവൃത്തി ആരംഭിച്ചു. മാലിന്യമുക്ത നഗരപാത എന്ന ലക്ഷ്യവുമായാണ് 485 മീറ്റർ റോഡ് നവീകരിക്കുന്നത്. പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ ശാരദ കൃഷ്ണയ്യർ ഓഡിറ്റോറിയം മുതൽ ഗവ. ജനറൽ ആശുപത്രി വരെയാണ് നവീകരണം.
പ്രവൃത്തി പൂർത്തിയാകുന്നതോടെ മാലിന്യവും പൊടിപടലവും ഇല്ലാത്ത മാതൃക റോഡായി ഇത് മാറും. നഗരസഭയുടെ ശുചിത്വ തൊഴിലാളികൾ ദിനംപ്രതി വൃത്തിയാക്കും. മാസത്തിൽ ഒരിക്കൽ റോഡ് കഴുകി വൃത്തിയാക്കും.ജനത്തിരക്കും വാഹനപ്പെരുപ്പവും കൊണ്ട് വീർപ്പുമുട്ടുന്ന തലശ്ശേരിയെ വയനാട് സുൽത്താൻ ബത്തേരി- പുൽപ്പള്ളി റോഡിന്റെ മാതൃകയിൽ 'ഡസ്റ്റ് ഫ്രീ'യാക്കി സൗന്ദര്യവത്കരിക്കുകയാണ് ലക്ഷ്യം. അഞ്ച് ഹയർ സെക്കൻഡറി വിദ്യാലയങ്ങൾ, തലശ്ശേരി താലൂക്ക് ജനറൽ ആശുപത്രി, ബി.എസ്.എൻ.എൽ, കെ.എസ്.ഇ.ബി തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾ, നഗരസഭ സ്റ്റേഡിയം, അഞ്ഞൂറോളം കടകൾ തുടങ്ങിയവ എം.ജി റോഡിന് ഇരുവശത്തുമായി സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടങ്ങളിലേക്കുള്ള യാത്ര തടസ്സപ്പെടുത്താതെയാണ് നിർമ്മാണം പുരോഗമിക്കുന്നത്.
വെള്ളക്കെട്ട് ചരിത്രമാകും
ഓവുചാലുകൾ ആഴവും വീതിയും കൂട്ടി കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ചാണ് നവീകരണത്തിന്റെ തുടക്കം. വെള്ളക്കെട്ട് പരിഹരിക്കാൻ മൂന്നടി വീതം ആഴത്തിലും വീതിയിലുമായിരിക്കും പുതിയ ഓവുചാലുകൾ. ഇത് വൃത്തിയാക്കാൻ ഓരോ അഞ്ചു മീറ്ററിലും മാൻ ഹോൾ സജ്ജമാക്കും. രണ്ടാം ഘട്ടത്തിൽ ജനറൽ ആശുപത്രി മുതൽ നഗരസഭ ഓഫീസ് വരെയുള്ള ഭാഗത്ത് പേവർ ഫിനിഷ്ഡ് രീതിയിൽ കോൺക്രീറ്റ് ചെയ്യും. റോഡ് നിലവിലുള്ളതിൽ നിന്ന് ഒരടി ഉയർത്തും. ഇരുവശത്തും ടൈലുകൾ പാകിയ 1.5 മീറ്റർ വീതിയുള്ള നടപ്പാതകളും കൈവരിയും ഒരുക്കും.റോഡിനിരുവശത്തും തെരുവു വിളക്കുകളും അലങ്കാരചെടികളും സ്ഥാപിക്കും. കേബിളുകൾ സ്ഥാപിക്കാൻ റോഡരികിൽ കേസിംഗ് പൈപ്പുകളും സജ്ജമാക്കും. എല്ലാ പ്രവൃത്തികളും ആറു മാസത്തിനകവും പൂർത്തിയാക്കും.