പയ്യന്നൂർ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന ഗാന്ധി സ്മൃതി സദസിൽ മഹാത്മജിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി മുഖ്യപ്രഭാഷണം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അന്നൂർ വില്ലേജ് ഹാളിൽ 16 ന് വൈകീട്ട് 4 മണിക്കാണ് പരിപാടി.
പ്രമുഖ ഗാന്ധിയൻ ചിന്തകനും പ്രഭാഷകനുമായ ഡോ. എം.പി. മത്തായി ആമുഖഭാഷണം നടത്തുന്ന പരിപാടിയിൽ ഡോ. ജേക്കബ് വടക്കഞ്ചേരി, കെ. രാമചന്ദ്രൻ എന്നിവരും പ്രഭാഷണം നടത്തും.
മഹാത്മജിയുടെ കൊച്ചുമകൻ അരുൺ മണിലാൽ ഗാന്ധിയുടെയും സുനന്ദ ഗാന്ധിയുടെയും മകനായ തുഷാർ ഗാന്ധി ആക്ടിവിസ്റ്റും സാമൂഹികപ്രവർത്തകനും ഗാന്ധിയൻ പ്രഭാഷകനുമാണ്. പയ്യന്നൂരിൽ ആദ്യമായെത്തുന്ന തുഷാർ ഗാന്ധിയെ ഉചിതമായ രീതിയിൽ വരവേൽക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പറഞ്ഞു.
ദേശീയ പ്രസ്ഥാനത്തിന്റെ സൃഷ്ടിയായി 1944 ൽ ലാണ് സഞ്ജയൻ സ്മാരക ഗ്രന്ഥാലയം സ്ഥാപിതമായത്. ഗാന്ധി സാഹിത്യത്തിൽ മികച്ച ഗ്രന്ഥശേഖരം ഗ്രന്ഥാലയത്തിനുണ്ട്. പുതിയ തലമുറയിലേക്ക്, ഗാന്ധിയൻ ദർശനത്തിന്റെ വെളിച്ചം പകർന്നു നൽകാൻ സെമിനാറുകളും ശിൽപശാലകളും സംഘടിപ്പിച്ചു വരുന്നുണ്ട്. കേളപ്പജി, പ്രൊഫ. എം.പി.മന്മഥൻ, പ്രൊഫ. ജി.കുമാരപിള്ള തൊട്ട് പുതിയ തലമുറയിലെ ഗാന്ധിയൻ പ്രവർത്തകർ വരെ ഗ്രന്ഥാലയത്തിലെ പരിപാടികളിലെ നിത്യസാന്നിദ്ധ്യമായിരുന്നുവെന്ന് വി.എം. ദാമോദരൻ, കെ. രാമചന്ദ്രൻ, യു. രാജേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.