ഇരിട്ടി: തിരുവനന്തപുരത്ത് നടന്ന പതിനാലാമത് ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കാക്കയങ്ങാട് പഴശ്ശിരാജ കളരി അക്കാഡമി ഉജ്ജ്വല വിജയം നേടി. കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഒൻപതുപേരും മെഡലുകൾ നേടിയെന്ന അപൂർവ്വ നേട്ടവും പഴശ്ശിരാജാ കളരി അക്കാഡമിക്ക് സ്വന്തമായി. 5 സ്വർണ്ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് കളരിയിലെ താരങ്ങൾ നേടിയത്.
അനാമിക സുധാകരൻ (ചവുട്ടിപൊങ്ങൽ സബ്ജൂനിയർ, സ്വർണ്ണം), അനശ്വര മുരളീധരൻ (മെയ് പയറ്റ് ജൂനിയർ, സ്വർണം), എ. അശ്വനി (ചവിട്ടിപൊങ്ങൽ സീനിയർ, സ്വർണം), സി. അഭിഷേക് (ചവിട്ടിപൊങ്ങൽ സീനിയർ ബോയ്സ്, സ്വർണ്ണം), വിസ്മയ വിജയൻ (ചവിട്ടിപൊങ്ങൽ സീനിയർ, വെങ്കലം), ടി.പി. ഹർഷ (ചവിട്ടിപൊങ്ങൽ, വെള്ളി), കെ.കെ. അയന (ചവിട്ടിപൊങ്ങൽ, സ്വർണ്ണം), അർജുൻ (കൈപോര് സീനിയർ ബോയ്സ്, വെങ്കലം), കെ.കെ. അശ്വതി (ചവിട്ടിപൊങ്ങൽ വെങ്കലം) എന്നിവരാണ് മെഡലുകൾ നേടിയത്.
ദേശീയ മത്സരത്തിൽ പങ്കെടുത്ത സബ് ജൂനിയർ, ജൂനിയർ താരങ്ങൾ ഖേലോ ഇന്ത്യയുടെ 1,20,000 രൂപയുടെ സ്‌കോളർഷിപ്പിനും അർഹരായി. മുൻപ് പഴശ്ശിരാജയിലെ 16 താരങ്ങൾ ഈ സ്‌കോളർഷിപ്പ് നേടിയിട്ടുണ്ട്.
ഇന്ത്യൻ കളരിപയറ്റ് ഫെഡറേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ടെക്നിക്കൽ കമ്മിറ്റി മെമ്പറും ദേശീയ പരിശീലകനുമായ പി.ഇ. ശ്രീജയൻ ഗുരുക്കളുടെ ശിക്ഷണത്തിലാണ് താരങ്ങൾ വിജയകൊയ്ത്ത് നടത്തിയത്. കഴിഞ്ഞ 14 വർഷമായി തികച്ചും സൗജന്യമായാണ് പഴശ്ശിരാജാ കളരി അക്കാഡമിയിൽ കളരിപരിശീലനം നൽകുന്നത്. 75 പെൺകുട്ടികൾ ഉൾപ്പെടെ 150 പേരാണ് നിലവിൽ ഇവിടെ പരിശീലനം നടത്തുന്നത്.

പടം ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച കാക്കയങ്ങാട് പഴശ്ശിരാജ കളരി അക്കാഡമി താരങ്ങൾ പരിശീലകൻ പി.ഇ. ശ്രീജയനൊപ്പം.