പേരാവൂർ: മണ്ണിന്റെയും ജൈവ സമ്പത്തിന്റേയും ജലത്തിന്റെയും തനിമയും ഗുണവും വീണ്ടെടുക്കും വിധം വികസന പ്രവർത്തനങ്ങളിൽ അടിസ്ഥാനപരമായ മാറ്റം വരുത്താൻ ലക്ഷ്യമിട്ടുള്ള നീരുറവ് നീർത്തട പദ്ധതി വ്യാപന പരിപാടിക്ക് കണ്ണൂർ ജില്ലയിൽ തുടക്കം. ഹരിത കേരളം മിഷന്റെയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടേയും സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് നീരുറവ് പദ്ധതി നടപ്പിലാക്കുന്നത്.
പേരാവൂർ ബ്ലോക്ക് പഞ്ചായത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന ജലാഞ്ജലി നീരുറവ് പദ്ധതിയുടെ മാതൃകയിലാണ് ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നീർത്തട പദ്ധതി രേഖ പരിഷ്‌കരിക്കുന്നത്. ജില്ലയിലെ 664 ചെറുനീർത്തടങ്ങളിലുള്ള നീർത്തട പദ്ധതി രേഖ പരിഷ്‌കരിച്ചാണ് വികസന പദ്ധതികൾ തയ്യാറാക്കുക. അതോടൊപ്പം 2023- 24 സാമ്പത്തിക വർഷത്തേക്കുള്ള തൊഴിലുറപ്പ് പദ്ധതിയുടെ ലേബർ ബഡ്ജറ്റ്, വാർഷിക പദ്ധതി രൂപീകരണവും നീരുറവ് പദ്ധതിയുടെ ഭാഗമായി നടക്കും.
നീരുറവ് പദ്ധതിയുടെ തുടർപ്രവർത്തനങ്ങളുമായി ബന്ധപെട്ടു മുഴുവൻ പഞ്ചായത്തുകളിലും സാങ്കേതിക സമിതി യോഗങ്ങളും പഞ്ചായത്ത് തല ആസൂത്രണം, ആക്ഷൻ പ്ലാൻ തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും വരും ദിവസങ്ങളിൽ ജില്ലയിൽ നടത്തും.
ജില്ലയിലെ മുഴുവൻ ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർക്കുള്ള ശില്പശാല എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു. ശില്പശാലക്ക് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ പി. സുരേന്ദ്രൻ, ജില്ലാ എൻജിനീയർ സി.ആർ. ആതിര, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വേലായുധൻ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിമല, മാതൃകാ പദ്ധതി നടപ്പിലാക്കിയ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സജീവൻ, ഹരിത കേരളം മിഷൻ ജില്ലാ കോഓഡിനേറ്റർ ഇ.കെ. സോമശേഖരൻ എന്നിവർ നേതൃത്വം നല്കി.
എല്ലാം ഡിജിറ്റലാകും
ചെറു നീർത്തടങ്ങളുടെ അതിർത്തി ഡിജിറ്റൽ മാപ്പ് സംവിധാനത്തിൽ രേഖപ്പെടുത്തി, തുടർ വികസന പ്രവർത്തനങ്ങൾ എല്ലാം ഡിജിറ്റൽ മാപ്പുകളിൽ അടയാളപ്പെടുത്തുകയും വികസന പ്രവർത്തനങ്ങളുടെ സാദ്ധ്യതകൾ ഡിജിറ്റൽ രൂപത്തിൽ പരിശോധനക്ക് വിധേയമാക്കുകയും ചെയ്യുന്ന രീതിയാണ് നീരുറവ് പദ്ധതിയിലൂടെ പ്രായോഗിക രംഗത്ത് കൊണ്ടുവരുന്നത്.
ഓരോ ചെറു നീർത്തടങ്ങളിലും അടുത്ത ഒരു വർഷം കൊണ്ട് നടപ്പിലാക്കാൻ കഴിയുന്ന മണ്ണ് - ജല സംരക്ഷണബന്ധിത വികസന പ്രവർത്തനങ്ങളുടെ കർമ്മ പദ്ധതി തയ്യാറാക്കും.
തൊഴിലുറപ്പ് പദ്ധതിക്ക് പുറമേ, കൃഷി, മണ്ണ് ജല സംരക്ഷണം, ജലസേചനം, മൃഗ സംരക്ഷണം, വനം തുടങ്ങിയ വകുപ്പുകളും, ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ തുടങ്ങിയ പദ്ധതികൾ കൂടി ഉൾപ്പെടുത്തിയുള്ള കർമ്മ പദ്ധതി
ചെറു നീർത്തടങ്ങളിലെ തദ്ദേശ വാർഡുകളെ ഹരിത സമൃദ്ധി വാർഡുകളാക്കി മാറ്റാനുള്ള നിർദ്ദേശങ്ങളും കർമ്മ പദ്ധതിയിലുണ്ടാവും
ഒന്നിലധികം പഞ്ചായത്തുകളിലുൾപ്പെടുന്ന നീർത്തടങ്ങളിൽ ബ്ലോക്ക് പഞ്ചായത്തുകളുടെ നേതൃത്വത്തിലുള്ള കർമ്മ പദ്ധതികളാണ് ആവിഷ്‌കരിക്കുക