dog

പയ്യന്നൂർ : പയ്യന്നൂരും പരിസരങ്ങളിലുമായി രണ്ട് വിദ്യാർത്ഥിനികൾ ഉൾപ്പെടെ 13 പേർക്ക് തെരുവ് നായയുടെ കടിയേറ്റു . ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ച രാവിലെയുമാണ് നായ വഴിയാത്രക്കാരെ അക്രമിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടോടെ പയ്യന്നൂർ സെൻട്രൽ ബസാറിലും ഗവ.ആശുപത്രി റോഡിലും സഹകരണ ആശുപത്രിക്ക് സമീപത്തുമായാണ് നായയുടെ പരാക്രമം അരങ്ങേറിയത്. സഹകരണാശുപത്രിക്കു മുന്നിൽ പയ്യന്നൂർ ചിന്മയ വിദ്യാലയത്തിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി കണ്ടങ്കാളിയിലെ ദിയാ രഘുനാഥ് (17), കണ്ണൂർ ഗവ. എൻജിനീയറിംഗ് കോളജ് മൂന്നാം വർഷ വിദ്യാർഥിനി അശ്വിനി പ്രഭു (20), ഗവ.ആശുപത്രി റോഡിൽ വച്ച് മണ്ടൂരിലെ നടുവലത്ത് പത്മനാഭൻ (65), ബൈക്ക് യാത്രക്കാരനായ സനിൽ ( 38), പ്രഭാതസവാരിയിലായിരുന്ന പയ്യന്നൂർ തായിനേരിയിലെ കെ.വി.പത്മനാഭൻ (72),കോൺക്രീറ്റ് തൊഴിലാളി കണ്ടോത്തെ എം.ശ്രീധരൻ (60), പയ്യന്നൂർ സ്വദേശി അബ്ദുൽ റഹ്മാൻ (63) , പയ്യന്നൂർ ക്ഷേത്ര ദർശനത്തിനെത്തിയ കുപ്പത്തെ പി.മനീഷ്(49), നായയുടെ പരാക്രമ വിവരമറിഞ്ഞെത്തിയ നഗരസഭ ജീവനക്കാരൻ എ.കെ.ബിനീഷ് (47) എന്നിവർക്കാണ് കടിയേറ്റത്.ഇവരെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അശ്വിനിക്കും ദിയക്കും വിദ്യാലയത്തിലേക്ക് പോകുന്നതിനിടെയാണ് കടിയേറ്റത്.ഇരുവർക്കും കാലിനും കൈക്കുമാണ് പരുക്ക്.മറ്റ് പലർക്കും സാരമായ മുറിവേറ്റു. പലരുടെയും വസ്ത്രങ്ങൾ ഉൾപ്പെടെ കടിച്ചു കീറി. ബുധനാഴ്ച സന്ധ്യയോടെ കരിവെള്ളൂർ വടക്കുമ്പാടും ഓണക്കുന്നിലുമുണ്ടായ നായയുടെ അക്രമത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ നാലുപേർക്ക് കടിയേറ്റിരുന്നു.കരിവെള്ളൂർ തെരു കുതിരക്കാളി ക്ഷേത്രത്തിനു സമീപത്തെ കെ.വി.പ്രശാന്തിന്റെ മകൻ നന്ദുകൃഷ്ണ (ആറ്), പാലക്കുന്നിലെ കെ.വി. ബിന്ദു (45), ഓണക്കുന്നിലെ റിട്ട. അദ്ധ്യാപിക കെ.വി.കാർത്യായനി (70), എ.വി.സ്മാരക സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥി എ. മാളവിക (16) എന്നിവർക്കാണ് കടിയേറ്റത്. ഇവരും കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തേടി.

ഇറങ്ങാനാകില്ല പ്രധാന റോഡിലും

പയ്യന്നൂരിൽ തെരുവ് നായ ശല്യം രൂക്ഷമാണ്. നായയെ പേടിച്ച് പ്രധാന റോഡിൽ വരെ നടക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. സന്ധ്യയായി കഴിഞ്ഞാൽ കൂട്ടത്തോടെയാണ് നായകൾ തെരുവിലാണ്. പ്രഭാതസവാരിക്കാർക്കും തെരുവ് നായ കാരണം രക്ഷയില്ലാതായിരിക്കുകയാണ്. നായപിടിത്തക്കാരെ കിട്ടാനില്ലാത്തതാണ് ഇവിടെ തെരുവ് നായകൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകുന്നതിന് വിഘാതമായി നിൽക്കുന്നത് . പരിഹാരത്തിന് ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ നഗരസഭ യോഗത്തിൽ ചെയർപേഴ്സൺ പറഞ്ഞിരുന്നു.