പരിയാരം: പ്ലസ് ടു വിദ്യാർത്ഥിനിക്ക് വാട്സ് ആപ്പിൽ അശ്ലീല സന്ദേശമയച്ച കായികാദ്ധ്യാപകനെ പോ ക്‌സോ നിയമപ്രകാരം പരിയാരം പൊലീസ് അറസ്റ്റ് ചെയ്തു. ഓലയമ്പാടി കാര്യപ്പള്ളി സ്വദേശിയും കുളപ്പുറത്ത് താമസക്കാരനുമായ കെ.സി. സജീഷിനെയാണ് (39) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പാതിരാത്രിയിലാണ് വിദ്യാർത്ഥിനി ഉപയോഗിക്കുന്ന മാതാവിന്റെ ഫോണിലേക്ക് ഇയാൾ സന്ദേശം അയച്ചത്. ബന്ധുക്കൾ നല്കിയ പരാതി പ്രിൻസിപ്പൽ പൊലീസിന് കൈമാറിയതോടെ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്‌സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. പെൺകുട്ടി പരാതി നൽകിയതറിഞ്ഞതോടെ ഒളിവിൽപോയ അദ്ധ്യാപകൻ ചെറുകുന്നിലെ ഒരു കിണറ്റിൽ ചാടി അത്മഹത്യ ചെയ്യാൻ ശ്രമിച്ചുവെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തി. തുടർന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. കെ.എസ്.ടി.എ പ്രവർത്തകൻ കൂടിയാണിയാൾ. നേരത്തെ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്ന ഇയാളെ സ്വഭാവദൂഷ്യത്തെ തുടർന്ന് ഒഴിവാക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതി റിമാൻഡിലായി.