തലശ്ശേരി: തലശ്ശേരി - കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക് യാത്രക്കാരെ വലച്ചു. വ്യാഴാഴ്ച രാവിലെയോടെയാണ് പണിമുടക്ക് ആരംഭിച്ചത്. യാത്രക്കാർക്ക് ബസിൽ കയാറാൻ സൗകര്യം ഒരുക്കാതെ വിദ്യാർത്ഥികൾ ബസിൽ കയറുന്നു എന്നാരോപിച്ചായിരുന്നു സമരം. തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിലായിരുന്നു മിന്നൽ പണിമുടക്കിന് തുടക്കം.
ബസിൽ കൺസെഷനിൽ യാത്ര ചെയ്യേണ്ടുന്ന വിദ്യാർത്ഥികളുടെ എണ്ണം കൃത്യമായി നിശ്ചയിക്കണമെന്നും, അതിനായി ബന്ധപ്പെട്ട അധികാരികൾ നടപടിയെടുക്കാതെ ബസ് സർവ്വീസ് നടത്തുകയില്ലെന്നും ബസ് ജീവനക്കാർ പറഞ്ഞു. എന്നാൽ ബസ് ജീവനക്കാർ ബസ് പുറപ്പെടുന്നതിനു മുൻപ് തന്നെ ബസിൽ കയറാൻ അനുവാദം നൽകിയത് കൊണ്ടാണ് 25ഓളം വിദ്യാർത്ഥികൾ ബസിൽ കയറിയതെന്നു വിദ്യാർത്ഥികൾ പറഞ്ഞു. കഴിഞ്ഞദിവസം വിദ്യാർത്ഥികളെ ബസിൽ കയറ്റാതെ മഴയത്ത് നിർത്തിയതിനെതിരെ സ്വകാര്യ ബസിനെതിരെ പിഴ ഈടാക്കിയിരുന്നു.
ബസ് സമരത്തെ തുടർന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ജോലിക്കാരും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി യാത്രക്കാരാണ് വഴിയാധാരമായത്. അത്യാവശ്യം ലിമിറ്റഡ് സ്റ്റോപ്പ് ബസുകളും കെ.എസ്.ആർ.ടി.സിയും സർവീസ് നടത്തിയെങ്കിലും, യാത്രക്കാർക്ക് വലിയ പ്രയാസമാണ് അനുഭവപ്പെട്ടത്.
മിന്നൽ പണിമുടക്കിൽ പ്രതിഷേധിച്ച് എസ്.എഫ്‌.ഐ തലശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ ബസ് സ്റ്റാൻഡിൽ പ്രതിഷേധ പ്രകടനവും നടത്തി. ഏരിയ സെക്രട്ടറി സന്ദേശ്, സംസ്ഥാന കമ്മിറ്റി അംഗം ശരത് രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. വിദ്യാർത്ഥികളും ബസ് ജീവനക്കാരുമായി ഇന്ന് തലശ്ശേരി പൊലീസ് ഇൻസ്‌പെക്ടറുടെ ഓഫീസിൽ ചർച്ച നടക്കും.