ഏഴിലോട്: എടാട്ട് പോസ്റ്റ് ഓഫീസിലേക്ക് പോകാൻ നല്ലൊരു റോഡ് വേണം. കുഞ്ഞിമംഗലം പഞ്ചായത്തിനോട് ജനങ്ങൾ ഈ ആവശ്യം ഉന്നയിക്കാൻ തുടങ്ങിയിട്ട് നാലു വർഷമായി. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ദേശീയപാതയോരത്തെ കെട്ടിടം ഒഴിഞ്ഞ് കൊടുക്കേണ്ടി വന്നതിനാലാണ് ഇന്ന് കാണുന്ന സ്ഥലത്തേക്ക് പോസ്റ്റ് ഓഫീസ് മാറ്റിയത്.
പോസ്റ്റ് ഓഫീസ് മാറ്റാൻ കെട്ടിടം കിട്ടാത്തതിനെ തുടർന്ന് പയ്യന്നൂർ മുഖ്യ തപാലാഫീസിലേക്ക് ലയിപ്പിക്കുമെന്ന ഘട്ടം വന്നപ്പോഴാണ് യൂനിവേഴ്സൽ കോളേജ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ നിന്ന് കോളേജ് ഉടമ ടി.ശങ്കരനാരായണൻ പോസ്റ്റ് ഓഫീസിന് ആവശ്യമായ സ്ഥലം വിട്ടുകൊടുത്തത്. എന്നാൽ ഇവിടേക്ക് നല്ലൊരു റോഡില്ലെന്ന് പറഞ്ഞപ്പോൾ പഞ്ചായത്ത് അധികൃതർ അത് പരിഹരിക്കാമെന്ന് ഉറപ്പ് കൊടുത്തതായിരുന്നു. പയ്യന്നൂർ കോളേജിലേക്കും പി.ഇ.എസ് വിദ്യാലയത്തിലേക്കും യു.പി. സ്‌കൂൾ, അങ്കൻവാടി, റേഷൻ ഷോപ്പ് മുതലായ സ്ഥാപനത്തിൽ എളുപ്പത്തിൽ പോകാനുള്ള ഒരു റോഡാണിത്.