രോഗ സാദ്ധ്യതയെന്ന് ശ്വാസകോശ രോഗ വിദഗ്ദ്ധരുടെ ദേശീയ സമ്മേളനം
കണ്ണൂർ: കൊവിഡ് 19 ബാധിച്ചവർക്കിടയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് സാദ്ധ്യതയേറെയെന്ന് വിദഗ്ദ്ധ ഡോക്ടമാർ. നിലവിൽ 20 മുതൽ 30 ശതമാനം പേരിലും കൊവിഡാനന്തര ആരോഗ്യപ്രശ്നം കണ്ടു വരുന്നുണ്ട്. ചെറിയ ക്ഷീണം മുതൽ ഓക്സിജൻ ചികിത്സ കൂടാതെ ജീവിതം നിലനിർത്താൻ കഴിയാത്ത ശ്വാസകോശ പ്രശ്നങ്ങൾ വരെ അതിൽപ്പെടുന്നു. ഇവരിൽ ചെറിയ ശതമാനത്തിനെങ്കിലും ശ്വാസകോശത്തിൽ നീർക്കെട്ട്, ശ്വാസകോശം ദ്രവിച്ച് പോകൽ തുടങ്ങിയ അവസ്ഥ കാണപ്പെടുന്നുണ്ടെന്ന് വിദഗ്ദ്ധ ഡോക്ടർമാർ പറഞ്ഞു. ശ്വാസകോശത്തിലെ രക്തക്കുഴലുകളിൽ തടസ്സമുണ്ടാകുന്ന പൾമണറി എമ്പോളിസം, അപൂർവ്വമായി ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയും ലോഗ് കൊവിഡിന്റെ ഭാഗമായി ഉണ്ടാകാം.
അപകടകരമാകാൻ സാദ്ധ്യതയുള്ള മറ്റൊരു പ്രശ്നമാണ് കൊവിഡിനെ തുടർന്ന് ഹൃദയപേശികളിൽ വരാൻ സാദ്ധ്യതയുള്ള ബലഹീനത. ശ്വാസം മുട്ട് മുതൽ ഹൃദയതാളത്തിലുണ്ടാകുന്ന വ്യതിയാനം വരെ ഇതു കാരണം സംഭവിക്കാം. കൊവിഡ് ശ്വാസകോശങ്ങളിലുണ്ടായ തകരാറുകൾ സ്ഥായിയായ രൂപമാറ്റത്തിൽ കലാശിക്കുന്നതാണ് ശ്വാസകോശത്തിലെ ഫൈബ്രോസിസി (പൾമോണറി ഫൈബ്രോസിസ്) . നടക്കുമ്പോൾ കിതപ്പ് മുതൽ ഓക്സിജൻ ചികിത്സ ഇല്ലാതെ ജീവൻ നിലനിർത്താന പറ്റാത്ത അവസ്ഥ വരെയുണ്ടാകാം. ഇന്നും അഞ്ചിലൊരാൾ കൊവിഡാനന്തര പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കൊവിഡ് ബാധിച്ചവർ തീർച്ചയായും ശ്വാസകോശവുമായി ബന്ധപ്പെട്ട പരിശോധനകൾ നടത്തണമെന്നും ഡോക്ടർമാർ പറഞ്ഞു. കണ്ണൂർ ഐ.എം.എ ഹാളിൽ വച്ച് നടന്ന ശ്വാസകോശ വിദഗ്ദ്ധരുടെ ദേശീയ സമ്മേളനത്തിലാണ് ഡോക്ടർമാർ ഇക്കാര്യങ്ങൾ പറഞ്ഞത്. ഗർഭിണികളായ കൊവിഡ് ബാധിതർ, കൊവിഡും ന്യൂമോണിയയും ബാധിച്ചവർ, പ്രായമായവർ, മറ്റ് ആരോഗ്യപ്രശ്നമുള്ള കൊവിഡ് ബാധിതർ തുടങ്ങിയവർ ശ്വാസകോശ പരിശോധന നടത്തേണ്ടത് അനിവാര്യമാണെന്നും ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.
പൾമണോളജിസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കണം
നിലവിൽ പൾമണോളജിസ്റ്റ് ആരാണ് എന്ന് പോലും പൊതു സമൂഹത്തിന് അറിയാത്ത സാഹചര്യമാണെന്ന് ഡോക്‌ടർമാർ ചൂണ്ടിക്കാട്ടി. ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിലടക്കം വിരലിലെണ്ണാവുന്ന പൾമണോളജിസ്റ്റുകൾ മാത്രമാണുള്ളത്. ജില്ലയിലെ മുഴുവൻ ഹെൽത്ത് സർവ്വീസിൽ ആറ് പേരും കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നാല് പേരും മാത്രമാണുള്ളത്. സർക്കാർ - സ്വകാര്യ ആശുപത്രികളിൽ പൾമണോളജിസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും പൊതുജനങ്ങൾക്ക് ഇതേക്കുറിച്ചുള്ള ബോധവൽക്കരണം നൽകണമെന്നും വിദഗ്ദ്ധ ഡോക്ടർമാരുൾപ്പെടെ ആവശ്യപ്പെട്ടു.
മാസ്ക് ഉപയോഗത്തിൽ ശ്രദ്ധ വേണം
മാസ്ക് ശ്വാസകോശ രോഗം തടയാനാണ് ഉപയോഗിക്കുന്നതെന്ന് എ.പി.സി.സി.എം പ്രൊഫ. ഡോ. ഷാജഹാൻ പറഞ്ഞു. വൃത്തി രഹിതമായ മാസ്ക് ഉപയോഗിക്കുന്നത് ശ്വാസകോശ രോഗത്തിനിടയാക്കാം. മൂക്കൊലിപ്പും തുമ്മലുമുള്ളപ്പോൾ ഉപയോഗിച്ച അതേ മാസ്ക് വീണ്ടും തുടർച്ചയായി ഉപയോഗിച്ചാൽ രോഗത്തിനിടയാകും. ഒരു മാസ്ക് എട്ട് മണിക്കൂർ മാത്രമെ ഉപയോഗിക്കാവൂ. മാസ്ക് രോഗമുണ്ടാക്കുന്നില്ല അശ്രദ്ധമായ ഉപയോഗമാണ് രോഗത്തിനിടയാക്കുന്നതെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.