wether
പാലയാട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ധർമ്മടം:പാലയാട് ഗവ:ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികൾക്ക് കാലാവസ്ഥ പ്രവചനം രസകരമായ ഒരു കളി പോലെയാണ്. കാലാവസ്ഥയ്ക്ക് അറിയാനുള്ള പ്രവ‌ർത്തനങ്ങൾ ആസ്വദിച്ചും മനസ്സിലാക്കിയും രസംപിടിച്ചിരിക്കുകയാണ് ഇവർക്ക് . സ്‌കൂളിൽ സ്ഥാപിച്ച വെതർ സ്റ്റേഷനാണ് കാറ്റിന്റെ ദിശയും മഴയുടെ വരവുമെല്ലാം അറിയാൻ ഇവരെ സഹായിക്കുന്നത്.
സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി ഭൂമിശാസ്ത്രം പഠന വിഷയമായുള്ള ജില്ലയിലെ 22 ഗവ. ഹയർസെക്കൻഡറി സ്‌കൂളുകളിൽ വെതർ സ്റ്റേഷൻ തുടങ്ങാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അരലക്ഷത്തിലേറെ രൂപ ചെലവിൽ പാലയാട് സ്‌കൂളിലും വെതർ സ്റ്റേഷൻ ആരംഭിച്ചത്. കാലാവസ്ഥ നിരീക്ഷണ സാദ്ധ്യതകളിലൂടെ ഭൂമിശാസ്ത്ര പാഠങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. അന്തരീക്ഷസ്ഥിതി സൂക്ഷ്മമായി അറിയാനും കാലാവസ്ഥയെ കുറിച്ച് കൂടുതൽ ധാരണ ഉണ്ടാക്കാനും കാലാവസ്ഥ മാറ്റങ്ങൾ, വിവിധ അവസ്ഥകൾ എന്നിവ മനസിലാക്കാനും ഇതിലൂടെ സാധിക്കും. കാലാവസ്ഥ വ്യതിയാനം, പ്രകൃതി ദുരന്തങ്ങളുടെ സാദ്ധ്യത എന്നിവ നിരീക്ഷിക്കാനും പഠിക്കാനും വെതർ സ്റ്റേഷന്റെ സഹായത്തോടെ കഴിയും. സമഗ്രശിക്ഷാ കേരളത്തിനാണ് പദ്ധതിയുടെ ജില്ലയിലെ ഏകോപന ചുമതല.

അറിഞ്ഞു പഠിക്കാം അന്തരീക്ഷത്തെ

പാഠപുസ്തകങ്ങളിൽ നിന്നുള്ള അറിവിനപ്പുറം അന്തരീക്ഷ സ്ഥിതി നേരിട്ട് നിരീക്ഷിച്ച് പഠിക്കുന്നതിന്റെ ഗുണം ഇതിലൂടെ കുട്ടികൾക്ക് ലഭിക്കും.മഴ മാപിനി, കാറ്റിന്റെ തീവ്രത അളക്കാൻ കപ്പ് കൗണ്ടർ അനിമോ മീറ്റർ, കാറ്റിന്റെ ദിശ മനസ്സിലാക്കാൻ വിൻഡ് വെയിൻ, അന്തരീക്ഷത്തിലെ ആർദ്രത അളക്കാൻ വെറ്റ് ആൻഡ് ഡ്രൈ ബൾബ് തെർമോമീറ്റർ, രണ്ടു സമയങ്ങൾക്ക് ഇടയിലുള്ള കൂടിയതും കുറഞ്ഞതുമായ താപനില രേഖപ്പെടുത്താൻ സിക്‌സ് മാക്‌സിമം മിനിമം തെർമ്മോമീറ്റർ, നിരീക്ഷണ കേന്ദ്രത്തിൽ പ്രത്യേകം സജ്ജമാക്കിയ സ്റ്റീവൻ സൺസ്‌ക്രീൻ തുടങ്ങി ഇന്ത്യൻ മെറ്ററോളജിക്കൽ വകുപ്പിന്റേതിന് തുല്യമായ ഉപകരണങ്ങളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. ജോഗ്രഫി അദ്ധ്യാപകൻ പി.പി.മഹീഷിന്റെ നേതൃത്വത്തിലാണ് സ്‌കൂളിലെ വെതർ സ്റ്റേഷന്റെ പ്രവർത്തനം.