പയ്യന്നൂർ: റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന സൗകര്യങ്ങൾ ഒരോന്നായി നിർത്തലാക്കി വരുന്നതിനിടയിൽ പാർസൽ സർവീസ് ബുക്കിംഗും നിലച്ചു. ബുക്കിംഗിന് ജീവനക്കാരില്ലാത്തതാണ് വർഷങ്ങളായി പ്രവർത്തിക്കുന്ന പാർസൽ സർവീസ് മുടങ്ങാൻ കാരണമായത്. ഇതോടെ സ്റ്റേഷനിൽ ജോലി ചെയ്യുന്ന നാല് പോർട്ടർമാരുടെ ഉപജീവന മാർഗ്ഗവും ഇല്ലാതായി. നേരത്തെ ടിക്കറ്റ് റിസർവേഷൻ ബുക്കിംഗ് സമയവും വെട്ടിക്കുറച്ചിരുന്നു. ഇപ്പോൾ ജീവനക്കാരില്ലെന്ന് പറഞ്ഞാണ് പാർസൽ സ്വീകരിക്കുന്നത് നിർത്തിയത്. സ്റ്റേഷനിൽ നിന്ന് സ്ഥലംമാറി പോയവർക്ക് പകരം ഉദ്യോഗസ്ഥരെ നിയമിക്കാൻ നടപടിയില്ലാത്തതാണ് പ്രതിസന്ധിക്കിടയാക്കുന്നത്.
ഒരാൾ അവധിയെടുത്താൽ സേവനം നിർത്തുകയല്ലാതെ നിവൃത്തിയില്ലാത്ത സ്ഥിതിയാണ്. ഏഴിമല നാവിക അക്കാഡമി, പെരിങ്ങോം സി.ആർ.പി.എഫ് കേന്ദ്രം എന്നിവിടങ്ങളിൽ നിന്നുൾപ്പെടെ പാർസൽ ഇവിടെയെത്താറുണ്ട്.
പലരും ഇപ്പോൾ കണ്ണൂരിലും പഴയങ്ങാടിയിലും മറ്റും എത്തിയാണ് ആവശ്യം നിറവേറ്റുന്നത്. കഴിഞ്ഞ ദിവസം ചെറുപുഴ, തിമിരി തുടങ്ങിയ മലയോര മേഖലകളിൽ നിന്ന് ബുക്കു ചെയ്യാനെത്തിയവർ മടങ്ങിപ്പോയി. ഇതിനു പുറമെയാണ് നാലു തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെട്ടതിന്റെ ദുരിതം.
എം.പി ഉൾപ്പെടെയുള്ള ജനപ്രതിനിധികളെ വിവരമറിയിച്ചുവെങ്കിലും റെയിൽവേയുടെ നിസ്സംഗതയുടെ മുന്നിൽ ജനപ്രതിനിധികളും നിസ്സഹായരാവുകയാണ്.