കണ്ണൂർ: പതിവ് പോലെ ഇന്നലെയും കഞ്ഞിയും ചെറുപയർ കറിയും ഉപ്പുമാവുമുണ്ടാക്കി കഴിച്ച് താവക്കര വെസ്റ്റ് അങ്കണവാടിയിൽ നിന്നും കള്ളൻ തിരിച്ച് പോയി. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് കള്ളൻ ഭക്ഷണം പാകം ചെയ്ത് കഴിച്ച് തിരിച്ച് പോകുന്നത്. അങ്കണവാടിയുടെ മുൻവശത്തെ പൂട്ട് തകർത്ത നിലയിലാണ്. ജനലുകൾ അടിച്ചു തകർക്കുകയും കമ്പികൾ ഇളക്കി മാറ്റുകയും ചെയ്തു. ഭക്ഷണം ഉണ്ടാക്കി കഴിച്ച ശേഷം ബാക്കിയുണ്ടായിരുന്ന അരിയും മറ്റ് സാധനങ്ങളും നശിപ്പിച്ചു. അങ്കണവാടിയുടെ മുൻവശത്തെ പടിയുടെ ടൈൽസ് ഇളക്കി മാറ്റിയ നിലയിലാണ്. രാവിലെ അദ്ധ്യാപിക അങ്കണവാടി തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയിൽപെട്ടത്. ഉടൻ കണ്ണൂർ സിറ്റി പൊലീസിൽ വിവരം അറിയിച്ചു.
രണ്ട് തവണ കള്ളൻ അങ്കണവാടിയുടെ പിറക് വശത്തുകൂടി എത്തിയത്. ഡോഗ് സ്‌ക്വാഡും വിരളടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയിൽ മോഷണം നടത്തിയ ശേഷം കള്ളൻ പുതിയ ബസ് സ്റ്റാൻഡ് ഭാഗത്തേക്കാണ് പോയതെന്ന് കണ്ടെത്തിയിട്ടുണ്ട്. സമീപത്തെ സിസിടിവി പൊലീസ് പരിശോധിക്കും. മാനസിക പ്രശ്‌നമുള്ളയാളാണോ മോഷണത്തിന് പിന്നിലെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ തവണ അങ്കണവാടിയുടെ സീലിംഗ് പൊളിച്ചാണ് കള്ളൻ അകത്ത് കയറിയത്.