കണ്ണൂർ: ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ ശിക്ഷക് സദനിൽ സംഘടിപ്പിച്ച 'വാഹനീയം" ജില്ലാതല പരാതി പരിഹാര അദാലത്തിൽ 128 പരാതികൾ തീർപ്പാക്കി. ആകെ 180 പരാതികളാണ് പരിഗണിച്ചത്. വാഹന നികുതി കുടിശ്ശിക സംബന്ധിച്ച അപേക്ഷകളാണ് അദാലത്തിൽ കൂടുതലായി ലഭിച്ചത്. വിനോദ സഞ്ചാരത്തിനായി വാഹനം ബുക്ക് ചെയ്യുന്നവർ അക്കാര്യം മോട്ടോർ വാഹന വകുപ്പിനെ അറിയിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു.

വിനോദ സഞ്ചാര വാഹനം വകുപ്പുദ്യോഗസ്ഥർ പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകിയതിന് ശേഷമേ യാത്ര പുറപ്പെടാവൂ. ഓരോ ജില്ലയിലും നിശ്ചിത വാഹനങ്ങളുടെ ഉത്തരവാദിത്വം നിശ്ചിത ഉദ്യോഗസ്ഥർക്ക് വീതിച്ച് നൽകുകയാണ്. അത്തരം വാഹനങ്ങളിൽ നിയമലംഘനമുണ്ടായാൽ വാഹന ഉടമയ്‌ക്കൊപ്പം ചുമതലയുള്ള ഉദ്യോഗസ്ഥനെതിരെയും നിയമ നടപടിയുണ്ടാകും മന്ത്രി പറഞ്ഞു.
കെ.വി സുമേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ അഡ്വ. സണ്ണി ജോസഫ്, എം. വിജിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത്, അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ എന്നിവർ സംസാരിച്ചു. ട്രാക്കിനുള്ള പുരസ്‌കാരം ട്രോമാകെയർ പ്രസിഡന്റ് സി. രഘുനാഥ്, സെക്രട്ടറി വി.വി മധു എന്നിവർ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി.