ഇരിട്ടി: പടിയൂരിന്റെ ടൂറിസം സ്വപ്നങ്ങൾക്ക് ചിറകേകാൻ പടിയൂർ പഴശ്ശി ഇക്കോ ടൂറിസം പദ്ധതി യഥാർത്ഥ്യമാകുന്നു. പഴശ്ശി ഡാം കേന്ദ്രീകരിച്ചുള്ള ബൃഹദ് ടൂറിസം പദ്ധതിയായ ഇക്കോ പ്ലാനറ്റിന്റെ ആദ്യഘട്ട പ്രവൃത്തി ഉദ്ഘാടനം 17ന് രാവിലെ 11 മണിക്ക് പടിയൂരിൽ ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും.
പഴശ്ശി ജലസേചന പദ്ധതിയുടെ റിസർവോയർ പ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. 68 ഏക്കറുള്ള പുൽത്തകിടി നിറഞ്ഞ പ്രദേശങ്ങളിലാണ് വികസന പ്രവർത്തനങ്ങൾ നടത്തുക. ആദ്യഘട്ട പ്രവൃത്തികൾക്ക് 5.66 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ആദ്യഘട്ടത്തിൽ പടിയൂർ ടൗണിൽ നിന്ന് പദ്ധതി പ്രദേശത്തേക്കുള്ള റോഡ് നവീകരിക്കും.
ജലസേചന വകുപ്പിന്റെ അധീനതയിലുള്ള 800 മീറ്റർ റോഡും സ്വകാര്യ വ്യക്തികളുടെ സ്ഥലവും പ്രയോജനപ്പെടുത്തി ഒരു കിലോമീറ്റർ റോഡ് എട്ട് മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിന് 1.35 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ബാക്കി തുക പൂന്തോട്ട നിർമ്മാണത്തിനും പാർക്കിംഗ് കേന്ദ്രങ്ങൾ ഒരുക്കുന്നതിനും വിനിയോഗിക്കും.
ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റിയാണ് പദ്ധതിയുടെ മേൽനോട്ട ചുമതല. കിഡ്കിനാണ് നിർവ്വഹണ ചുമതല. ഒന്നാംഘട്ട പ്രവൃത്തി പൂർത്തിയാകുന്ന മുറക്ക് രണ്ടാം ഘട്ടത്തിന്റെ എസ്റ്റിമേറ്റ് തയാറാക്കി ടൂറിസം വകുപ്പിന് കൈമാറും.
ബോട്ട് സർവ്വീസ്, റോപ്പ് വേ..
പഴശ്ശി റിസർവോയറും സ്റ്റേറ്റ് ഹൈവേയും തമ്മിൽ ചേരുന്ന പൂവ്വത്താണ് പ്രൊജക്ടിന്റെ എൻട്രൻസ് പോയിന്റായി വരിക. ഇവിടെ നിന്നും പഴശ്ശി ഡാമിലേക്ക് രണ്ടര കിലോമീറ്റർ ദൂരത്തിലും ഇരിട്ടി ടൗണിലേക്ക് എട്ട് കിലോമീറ്റർ ദൂരത്തിലും ബോട്ട് സർവ്വീസ്, ഏകദേശം ഒന്നരകിലോമീറ്റർ നീളത്തിൽ റോപ്പ് വേയും ഇതേ നീളത്തിൽ ചങ്ങാടം, സ്റ്റേറ്റ് ഹൈവേയിൽ നിന്നും റബ്ബർ ബോർഡ് സ്ഥലത്തിന്റെ അതിർത്തിയിലൂടെ മഞ്ചേരിപ്പറമ്പ് വരെ ഒന്നര കിലോമീറ്റർ ദൂരത്തിൽ ഡ്രൈവ് വേ, പഴശ്ശി ഡാം മുതൽ പൂവ്വംവരെ രണ്ടര കിലോമീറ്റർ ദൂരത്തിൽ മറ്റൊരു ഡ്രൈവ് വേ എന്നിവ പദ്ധതിയിൽ വിഭാവനം ചെയ്യുന്നുണ്ട്.
ഒരുക്കുന്നത്
1. ബൊട്ടാണിക്കൽ ഗാർഡൻ
2. പാർക്കുകൾ
3. തുരുത്തുകൾ ബന്ധിപ്പിച്ചുള്ള പാലങ്ങൾ
4. ബോട്ട് സർവീസ്
അനുകൂല ഘടകങ്ങൾ
1. പഴശ്ശി അണക്കെട്ട്
2. അന്താരാഷ്ട്ര വിമാനത്താവളം
3. അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം
4. സ്റ്റേറ്റ് ഹൈവേ.
5 കിൻഫ്രക്കായി ഏറ്റെടുക്കുന്ന സ്ഥലം