iqbal-gate
അടച്ചിട്ടിരിക്കുന്ന ഇഖ്ബാൽ ഗേറ്റ്

കാഞ്ഞങ്ങാട്: അജാനൂർ ഗ്രാമ പഞ്ചായത്തിന്റെ തീരദേശത്തെ അപ്പാടെ കുടുക്കിലാക്കുന്ന റെയിൽവേ ലൈനിന് കുറുകെ ഓവർ ബ്രിഡ്ജെന്ന ആവശ്യവുമായി സമരരംഗത്തേക്ക് നീങ്ങുകയാണ് നാട്ടുകാർ. ആവശ്യം മുൻനിർത്തി 30ന് വൈകുന്നേരം നാലു മണിക്ക് അജാനൂർ ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നാട്ടുകാരുടെ യോഗം ചേരും. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതു പ്രവർത്തകർ, റോഡിനെ ആശ്രയിക്കുന്ന പൊതുജനങ്ങൾ, ക്ലബ്ബ് ഭാരവാഹികൾ തുടങ്ങി നാടിന്റെ നന്മ ആഗ്രഹിക്കുന്ന മുഴുവൻ ആളുകളും സംബന്ധിക്കണമെന്ന് സാമൂഹ്യ പ്രവർത്തകൻ പി.എം അബ്ദുൾ നാസർ ആവശ്യപ്പെടുന്നു.

പൊയ്യക്കര,​ മുട്ടുന്തല, കൊത്തിക്കാൽ, അജാനൂർ ബീച്ച്, കൊളവയൽ, ഇട്ടമ്മൽ, ചാലിയംനായിൽ, തുടങ്ങിയ ജനവാസ കേന്ദ്രങ്ങളെ കാഞ്ഞങ്ങാട് ടൗണുമായി ബന്ധിപ്പിക്കുന്ന റോഡാണ് ഇഖ്ബാൽ റോഡ്. തീരദേശ വാസികൾക്ക് അജാനൂർ പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, ജില്ലാ ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകണമെങ്കിലും ആശ്രയം ഈ റോഡ് തന്നെ. ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂൾ, ക്രസന്റ് ഇംഗ്ലീഷ് സ്കൂൾ, ശ്രീകുറുംബ സ്കൂൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന നൂറുകണക്കിന് വിദ്യാർത്ഥികളും അജാനൂർ കുടുംബ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് പോകുന്ന രോഗികളും മത്സ്യ തൊഴിലാളികളും ഒരുപോലെ ആശ്രയിക്കുന്ന റോഡ്. ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിലേക്കും, അടിമയിൽ ക്ഷേത്രത്തിലേക്കും, മുട്ടുന്തല മഖാമിലേക്കും നിർദ്ദിഷ്ട അജാനൂർ ഹാർബറിലേക്കും, ബി.ആർ.ഡി.സിയുടെ ടൂറിസം വില്ലേജിലേക്കും എത്തണമെങ്കിലും ഇഖ്ബാൽ റോഡ് മാത്രമാണ് ആശ്രയം. ഇത്രയും പ്രാധാന്യമേറിയ റോഡിലാണ് റെയിൽവേ ഗേറ്റ് വാഹനങ്ങളെ കുരുക്കിലാക്കുന്നത്. ദിനേന രണ്ടു വശങ്ങളിലേക്കുമായി 56 ട്രെയിനുകൾ കടന്നു പോകുമ്പോൾ അത്രയും തവണ അടച്ചിടുന്ന റെയിൽവേ ഗേറ്റിൽ അനേകം വാഹനങ്ങളാണ് കുടുങ്ങുന്നതെന്നും പറയുന്നു.

വാഹനങ്ങളുടെ നീണ്ട നിര

ഗേറ്റ് അടച്ചാൽ ഇരുവശങ്ങളും കിലോമീറ്റർ നീളുന്ന വാഹനങ്ങളുടെ നീണ്ട നിരയാണ്. ഈ റോഡിനെ ആശ്രയിക്കുന്ന പൊതുജനങ്ങളുടെ സമയത്തിൽ ഏറിയ പങ്കും ഗേറ്റിൽ തളച്ചിടുന്നു. മാത്രമല്ല,​ ഗേറ്റിനായി പഞ്ചായത്ത് ഫണ്ടും ചോരുന്നുണ്ട്. അജാനൂർ ഗ്രാമ പഞ്ചായത്ത് ഗേറ്ര് നടത്തിപ്പിലായി ഈ വർഷം 40 ലക്ഷമാണ് അടയ്ക്കേണ്ടത്. ഇതിനും പരിഹാരം ഓവർ ബ്രിഡ്ജ് മാത്രമാണെന്ന് നാട്ടുകാർ പറയുന്നു.