പരപ്പ: നീലേശ്വരത്ത് നിന്ന് രാവിലെ 8.35ന് കുന്നംകൈ, ഭീമനടി, എളേരി കോളേജ് വഴി കൊന്നക്കാട്ടേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനഃരാരംഭിച്ചു. ഇതേ തുടർന്ന് എളേരിത്തട്ട് കോളേജ് വിദ്യാർത്ഥികൾ 18 ന് നടത്താനിരുന്ന ഡിപ്പോ സമരം പിൻവലിച്ചു. സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എളേരി കോളേജ് പ്രിൻസിപ്പൽ സോൾജി, സി.പി.എം ഏരിയ സെക്രട്ടറി ടി.കെ.സുകുമാരൻ, എളേരി കോളേജ് എസ്.എഫ്.ഐ യൂണിറ്റ്, മലയോര മേഖല പാസ്സഞ്ചേഴ്സ് അസോസിയേഷൻ കൺവീനർ എം.വി. രാജു എന്നിവർ സി.എം.ഡി ക്ക് നിവേദനം നൽകിയിരുന്നു.
രാവിലെ 6.10ന് കൊന്നക്കാട് നിന്നുള്ള ട്രിപ്പ് മലയോര മേഖലയിലെ ജനങ്ങൾക്ക് നീലേശ്വരത്ത് നിന്നു കോയമ്പത്തൂർ, എറണാകുളം, മംഗളൂരു തുടങ്ങി വിവിധ പ്രദേശങ്ങളിലേക്കുള്ള ട്രെയിനിന് കണക്ഷൻ ലഭിക്കുന്ന ട്രിപ്പ് ആയതിനാൽ വളരെ ഉപകാരപ്രദമായിരുന്നു. മലയോര മേഖലയിൽ നിന്ന് കൊവിഡിന് മുൻപ് 20 വർഷം ഓടിയിരുന്ന ജനോപകാരപ്രദമായ ഈ സർവീസ് മുടങ്ങിയിരുന്നു. അതാണ് ഇപ്പോൾ വീണ്ടും തുടങ്ങിയത്. കൺസഷൻ പോലുമില്ലാതെ ഫുൾ ബസ് ചാർജ് കൊടുത്തു യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്ക് രാവിലെ 8.35 ന് നീലേശ്വരത്തു നിന്ന് കൊന്നക്കാട്ടേക്കുള്ള ട്രിപ്പ് വളരെ ഉപകാര പ്രദമാണെന്ന് നാട്ടുകാർ പറഞ്ഞു.