കണ്ണൂർ: സ്‌പെയിനിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയതിന് അന്വേഷണം നേരിടുന്ന ദമ്പതികളുമായി രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന വിവരത്തെ തുടർന്ന് രഹസ്യാന്വേഷണ വിഭാഗം അന്വേഷണമാരംഭിച്ചു. തളിപ്പറമ്പിലെ രണ്ടു പൊലീസുകാർക്കാണ് ഇവരുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചത്. അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി നിർദ്ദേശിക്കുകയായിരുന്നു.

സാമ്പത്തിക ഇടപാടുകൾ ഇവർ പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ട്. സ്‌പെയിനിൽ ജോലി വാഗ്ദ്ധാനം ചെയ്തു മൊറാഴ സ്വദേശിയായ യുവാവിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ രണ്ടു പേർക്കെതിരെയാണ് കഴിഞ്ഞ ദിവസം തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. പഴയങ്ങാടി മാടായി സ്വദേശി എം.വി സജിത്ത് കുമാർ, ഇരിട്ടി പട്ടാരം സ്വദേശിനി ടി.ജി സ്മിത എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. 2020 ലാണ് കേസിനാസ്പദമായ സംഭവം.