മട്ടന്നൂർ: കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് ഫെഡറേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക ഭക്ഷ്യദിനത്തിൽ ഒരുക്കിയ പായസമേളയും ആസ്വാദനവും മട്ടന്നൂർ ഏറ്റുവാങ്ങി.
അന്യംനിന്നുപോവുന്ന പാരമ്പര്യ ഭക്ഷ്യവിഭവങ്ങളെ പുതുതലമുറക്ക് പരിചയപ്പെടുത്തുവാനും പാചകമേഖലയിൽ പ്രയോജനപ്പെടുത്തുവാനുമുള്ള പരിശ്രമത്തിന്റെ ആദ്യപടിയെന്ന നിലയിലാണ് മേള സംഘടിപ്പിച്ചത്. പരിപ്പ് പ്രഥമൻ, മത്തൻ പായസം, ചേന പായസം, കുമിൾ (കൂൺ) പായസം, കാരറ്റ് പായസം, അട പ്രഥമൻ, നെയ്യ് പായസം, മുളയരി പായസം, ഗോതമ്പ് പായസം, പഴ പ്രഥമൻ, പാലട, പൈനാപ്പിൾ പായസം, മാമ്പഴ പായസം, ചക്ക പ്രഥമൻ, ചക്കക്കുരു പായസം, പാൽ പായസം, സേമിയ പായസം, കപ്പ പായസം, കടല പരിപ്പ് പായസം തുടങ്ങി 22 വൈവിധ്യമാർന്ന പായസങ്ങളുടെ പ്രദർശനവും സൗജന്യമായി പായസം ആസ്വദിക്കുന്നതിനുള്ള അവസരവുമാണ് മേളയിൽ ഉണ്ടായത്.
മട്ടന്നൂർ ശ്രീ മഹാദേവ ഹാളിൽ മുനിസിപ്പൽ ചെയർമാൻ എൻ. ഷാജിത്ത് ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.സി വേണു അദ്ധ്യക്ഷത വഹിച്ചു. ദിനേശ് ഫുഡ്സ് ചെയർമാൻ എം.കെ ദിനേശ് ബാബു, കേരള ഫോക്‌ലോർ അക്കാഡമി പ്രോഗ്രാം ഓഫീസർ പി.വി ലവ്ലിൻ എന്നിവർ വിശിഷ്ടാതിഥികളായി. കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ ഇസ്മയിൽ മേപ്പയൂർ മുതിർന്ന പാചക തൊഴിലാളികളെ ആദരിച്ചു. മട്ടന്നൂർ നഗരസഭാ കൗൺസിലർമാരായ കെ.വി പ്രശാന്ത്, വി.എം മുഹമ്മദ്, കുക്കിംഗ് വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് വി. മോഹനൻ, ജില്ലാ സെക്രട്ടറി കെ. രമേശൻ, ദീപേഷ് നമ്പൂതിരി, പി.ശശാങ്കൻ, എം. സന്തോഷ് കുമാർ, ഇല്യാസ് മാലൂർ, എൻ. മാധവൻ മരുതായി, രാജൻ പുതുക്കുടി എന്നിവർ സംസാരിച്ചു.