thushar
പയ്യന്നൂർ അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയം സംഘടിപ്പിച്ച ഗാന്ധി സ്മൃതി സദസ്സിൽ തുഷാർ ഗാന്ധി മുഖ്യ പ്രഭാഷണം നടത്തുന്നു.

പയ്യന്നൂർ: ഗാന്ധിജിയുടെ ജീവിതാന്ത്യത്തിലെ നാലു വർഷങ്ങളിൽ നേരിടേണ്ടി വന്നതു പോലെ വെറുപ്പിന്റെയും വിഭാഗീയതയുടെയും അന്തരീക്ഷത്തിലേക്ക് രാജ്യം നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും അതു തടയാൻ ഗാന്ധിജിയുടെ രക്തസാക്ഷിത്വം അന്ന് സംഭവിച്ചുവെങ്കിൽ, ഇന്ന് ഒരു പ്രത്യാശയുമില്ലാത്ത,​ ഭയപ്പെടുത്തുന്ന സ്ഥിതിവിശേഷത്തിലേക്ക് രാജ്യം പോകുന്നതെന്നും ഗാന്ധിജിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി അഭിപ്രായപ്പെട്ടു. അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയത്തിൽ ഗാന്ധി സ്മൃതി സദസിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു തുഷാർ ഗാന്ധി.

വെറുപ്പിന്റെ ശക്തികൾ വിഭജനത്തിന്റെ പേരിൽ ഗാന്ധിജിയെ കുറ്റപ്പെടുത്തുന്നുവെങ്കിലും കപട ദേശഭക്തരായ ആളുകൾ വിഭജനത്തെ തടയാൻ യാതൊന്നും ചെയ്തില്ല എന്നാണ് യാഥാർത്ഥ്യം. വിഭജിച്ച് ഭരിക്കുക എന്നതാണ് ഭരണാധികാരികൾ അന്നും ഇന്നും പിന്തുടരുന്ന നയം.

ഗാന്ധിജി സ്വാധീനിച്ചു എന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി യഥാർത്ഥത്തിൽ ഗാന്ധിജിയെ അപമാനിക്കുന്ന നയങ്ങളാണ് പിന്തുടരുന്നത്. ഗോഡ്സെ ഗാന്ധിജിക്ക് നൽകിയ മരണം ഒരു കണക്കിന് ഗാന്ധിജിക്ക് അനുഗ്രഹമായി മാറി എന്നു പറയാം. അല്ലെങ്കിൽ നിരവധി തവണ അദ്ദേഹം ഇഞ്ചിഞ്ചായി മരിക്കുമായിരുന്നെന്നും തുഷാർ ഗാന്ധി അഭിപ്രായപ്പെട്ടു. ഗ്രന്ഥാലയം പ്രസിഡന്റ് വി.എം. ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. എം.പി. മത്തായി ആമുഖഭാഷണം നടത്തി. ഡോ. ജേക്കബ് വടക്കഞ്ചേരി, കെ.വി. മുകേഷ് പ്രസംഗിച്ചു. സി.വി. വിനോദ് കുമാർ സ്വാഗതവും യു. രാജേഷ് നന്ദിയും പറഞ്ഞു.