sparsh

കണ്ണൂർ : പെൻഷൻ തുക സ്പാർഷ് എന്ന സിസ്റ്റത്തിലൂടെ അക്കൗണ്ടുകളിലേക്ക് നൽകുന്ന നടപടിക്കെതിരെ വിമുക്ത ഭടന്മാർ രംഗത്ത്.സ്പാർഷിൽ നിന്നും ലഭിക്കുന്ന യൂസർ ഐ.ഡിയും പാസ് വേർഡും ഉപയോഗിച്ച് നിലവിലെ പാസ്സ് വേർഡ് മാറ്റി ആധാർ ലിങ്ക് ചെയ്യുമ്പോൾ വരുന്ന ഡെമോഗ്രാഫിക്ക് എറർ സംബന്ധിച്ച് വ്യക്തതയില്ലാത്തതാണ് ഇവർ നേരിടുന്ന പ്രശ്നം. ഡമോഗ്രാഫിക് എറർ എന്താണെന്നോ,​ പരിഹാരമെന്താണെന്നോ ആർക്കും വ്യക്തമായിട്ടുമില്ല.

സ്പാർഷിലേക്കു മാറിയെന്ന സന്ദേശം പലർക്കും ലഭിച്ചിട്ടുണ്ട്.എന്നാൽ ഇവരിൽ പലർക്കും യൂസർ ഐഡിയും പാസ് വേർഡും ലഭിച്ചില്ല. ഇതുകാരണം പെൻഷൻ ലഭിക്കേണ്ടുന്ന ലൈഫ് സർട്ടിഫിക്ക​റ്റ് നൽകാനും കഴിയില്ല .നവംബർ 30 ആണ് ലൈഫ് സർട്ടിഫിക്ക​റ്റ് നൽകാനുള്ള അവസാന തീയതി. സ്പാർഷിൽ ആവശ്യമായ തിരുത്തലുകൾ കൊണ്ടുവരണമെന്ന് അലഹാബാദ് ഡിഫൻസ് അക്കൗണ്ട്സ് പ്രിൻസിപ്പാൾ കൺട്രോളർ ആവശ്യപ്പെട്ടിട്ടും നടപടിയൊന്നുമുണ്ടായിട്ടില്ല.

15 ലക്ഷത്തോളം പേരെ ഒ​റ്റയടിക്ക് പുതിയ സിസ്റ്റത്തിലേക്ക് മാ​റ്റുകയും സാവാകാശം നൽകാതെ ലൈഫ് സർട്ടിഫിക്ക​റ്റ് നൽകണമെന്ന് കൽപിക്കുകയും ചെയ്യുമ്പോൾ അതിനുവേണ്ട സാഹചര്യമൊരുക്കാൻ അധികൃതർക്ക് ബാദ്ധ്യതയില്ലേയെന്നാണ് വിമുക്ത ഭടന്മാരുടെ ചോദ്യം.ആധാർ കാർഡിലെ പേര് അടിസ്ഥാനമാക്കാതെ ബയോമെട്രിക് സംവിധാനം ഉപയോഗിച്ചാൽ ഈ പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് ഇവരുടെ വാദം.

ഇനീഷ്യൽ പ്രശ്നത്തിൽ കുഴഞ്ഞുമറിഞ്ഞ്

ആധാ‌ർ കാർഡിലെ പേര് മാറ്റി പെൻഷൻ പേയ്മെന്റ് ഒാർഡറിലേതു പോലെയാക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ ഇത്തരത്തിൽ ആധാ‌ർക്കാഡ് ലിങ്ക് ചെയ്യാൻ എല്ലാവർക്കും കഴിയുന്നില്ല.പേരിന്റെ കൂടെ ഒന്നിലധികം ഇനീഷ്യലുകൾ ഒന്നിച്ചാണ് പെൻഷൻ പേയ്‌മെന്റ് ഓർഡറിലുള്ളത്. ആധാറിലാകട്ടെ ഇനീഷ്യൽ സാധാരണ പോലെയും. ആധാർ കാർഡ് പെൻഷൻ കാർഡിനെ പോലെയാക്കിയാൽ ബാങ്ക് ,​റേഷൻ കാർഡ്, പാൻ കാർഡ് എന്നിവയുടെ ഉപയോഗത്തെ ബാധിക്കുമെന്ന ആശങ്ക വിമുക്തഭടന്മാർക്കുണ്ട്.

വിമുക്തഭടന്മാരുടെ ആധാർ കാർഡ് ലിങ്ക് ചെയ്യുന്നതിന് ആധാർ കാർഡിലെ പേര് അടിസ്ഥാനമാക്കാതെ ബയോമെട്രിക് സംവിധാനം ഉപയോഗിക്കണം.

രാമചന്ദ്രൻ ബാവിലേരി,​നാഷണൽ പ്രസിഡന്റ് ,​ഭാരതീയ ജവാൻ കിസാൻ പാർട്ടി