lsgd

കണ്ണൂർ: പ്രവർത്തനം സുതാര്യവും കുറ്റമറ്റതുമാക്കാൻ പഞ്ചായത്തുകൾക്ക് ഗ്രേഡിംഗ് വരുന്നു. തുടക്കത്തിൽ ധർമ്മടം മണ്ഡലത്തിലെ പഞ്ചായത്തുകളെയാണ് മാതൃകയായി തിരഞ്ഞെടുത്തിരിക്കുന്നത്. ധർമ്മടം മണ്ഡലത്തിലെ എല്ലാ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാർക്കും വൈസ് പ്രസിഡന്റുമാർക്കും വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർക്കും സെക്രട്ടറിമാർക്കും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർക്കും കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിൽ ( ഐ.ഐ.എം) 21,22 തീയതികളിൽ സ്‌പെഷൽ ക്ലാസ് ഏർപ്പെടുത്തി.

വികസന പദ്ധതികൾ നടപ്പാക്കുന്നതിലെ വീഴ്ച ഒഴിവാക്കാനും ജനങ്ങളോടു മാന്യമായി ഇടപെടാനും ഉൾപ്പെടെ പഠിപ്പിക്കുന്നതിനാണിത്.തദ്ദേശ സ്ഥാപന പ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും പരിശീലനം നൽകുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷന് (കില) പുറത്ത് ആദ്യമായാണു പഞ്ചായത്തു പ്രസിഡന്റുമാർക്കും ജീവനക്കാർക്കും ഇത്തരത്തിൽ പ്രഫഷനൽ പരിശീലനം.

ധർമ്മടം മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലെ പ്രസിഡന്റുമാരും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരും ഫയലുകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരും ഈ പരിശീലനത്തിൽ പങ്കാളികളാകും.

ധർമ്മടം വികസന മാതൃക എന്ന നിലയിൽ ഉയർത്തിക്കാട്ടിയാണ് പുതിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. 1500 കോടിയുടെ വികസന പ്രവൃത്തികളാണ് ഇപ്പോൾ മണ്ഡലത്തിൽ നടന്നുവരുന്നത്.

നിരന്തര മൂല്യനിർണയം

ഓരോ ക്ലാസ് കഴിഞ്ഞ് പ്രത്യേക പരീക്ഷയുമുണ്ടാകും. ഈ പരീക്ഷകളിൽ വിജയിക്കുന്നവർക്ക് സർട്ടിഫിക്കറ്റും വിതരണം ചെയ്യും.ക്ളാസ് കഴിഞ്ഞ ശേഷം മറ്റു പഞ്ചായത്തുകൾക്ക് വേണ്ടി പരിശീലന ക്ളാസും മറ്റും സംഘടിപ്പിക്കേണ്ട ചുമതലയും ധർമ്മടം മണ്ഡലത്തിലെ ജനപ്രതിനിധികൾക്കായിരിക്കും.ധർമ്മടം മണ്ഡലത്തിലെ മാതൃകാപരമായ വികസന പ്രവർത്തനങ്ങളിലൂടെ മറ്റു പഞ്ചായത്തുകളെയും വികസനത്തിന്റെ മുഖ്യധാരയിലെത്തിക്കുകയാണ് ലക്ഷ്യം.

പഞ്ചായത്ത് പഠിക്കും ഈ വിഷയങ്ങൾ

ഓർഗനൈസേഷനൽ ബിഹേവിയർ

ഫിനാൻസ് മാനേജ്മെന്റ്

 ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്

 കമ്യൂണിക്കേഷൻ സ്ട്രാറ്റജി

സ്ട്രാറ്റജിക് മാനേജ്മെന്റ്

 ഇക്കണോമിക്സ്