പയ്യന്നൂർ: വീട്ടിൽ കാർ, എ.സി. എന്നിവ ഉള്ളതിനാലും ചില അപേക്ഷകർ മറ്റ് പെൻഷനുകൾ കൈപറ്റുന്നതിനാലും സാമൂഹ്യ സുരക്ഷ പെൻഷൻ അപേക്ഷകളിൽ
21 എണ്ണം നഗരസഭ കൗൺസിൽ യോഗം നിരസിച്ചു. 28 അപേക്ഷകൾ പുനഃ പരിശോധിച്ചതിൽ 7 എണ്ണം പാസ്സാക്കുകയും ബാക്കിയുള്ളവ വിവിധ കാരണങ്ങളാൽ നിരസിക്കുകയുമാണ് ചെയ്തത്. കാർ , എ.സി. എന്നിവ കൂടാതെ പരിധിയിൽ കൂടുതൽ തറ വിസ്തീർണ്ണമുള്ള വീടുകൾ, ടൈലറിംഗ് , ബീഡി തൊഴിലാളി പെൻഷൻ തുടങ്ങിയവ കൈപറ്റുന്നവർ, 60 വയസ്സിന് താഴെ പ്രായമുള്ളവർ തുടങ്ങിയവയാണ്
21 പെൻഷനുകൾ നിരസിക്കാൻ കാരണമായത്.
പി.എം.എ.വൈ. പദ്ധതി പ്രകാരം നഗരസഭയുമായി കരാറിൽ ഏർപ്പെട്ടു ഒന്നാം ഘട്ട ആനുകൂല്യം കൈപറ്റുകയും വർഷങ്ങളായി ഭവന നിർമ്മാണം ആരംഭിക്കാത്തവരും , റജിസ്ട്രർ കത്ത്, ഭവന സന്ദർശനം, നേരിട്ട് സംവാദം എന്നിവ മുഖേന അറിയിപ്പ് നൽകിയിട്ടും , നിർമ്മാണം ആരംഭിക്കുകയോ കൈപറ്റിയ തുക തിരിച്ചടക്കാൻ സമ്മതം നൽകുകയോ ചെയ്യാത്ത നാല് ഗുണദോക്താക്കളെ പദ്ധതിയിൽ നിന്ന് ഒഴിവാക്കുവാനും കൈ പറ്റിയ തുക തിരിച്ച് പിടിക്കുവാൻ നടപടി സ്വീകരിക്കുവാനും യോഗം തീരുമാനിച്ചു.
ഭവന നിർമ്മാണം ആരംഭിക്കാത്തതും നഗരസഭയുമായി കരാറിൽ ഒപ്പിടാത്തതുമായ മറ്റ് 12 പേരെ പദ്ധതിയിൽ നിന്ന് ഒഴിവാക്കുവാനും തീരുമാനിച്ചു. 55 വാർദ്ധക്യ കാല പെൻഷനും മൂന്ന് കർഷക തൊഴിലാളി പെൻഷനും ഒരു ഡിസബിലിറ്റി പെൻഷനും യോഗം പാസ്സാക്കി. കൗൺസിൽ യോഗത്തിൽ ചെയർപേഴ്സൻ കെ.വി. ലളിത അദ്ധ്യക്ഷത വഹിച്ചു.