chiri

കണ്ണൂർ: 'സാറേ..എനക്ക് സ്‌കൂളിൽ പോകേണ്ട...! എല്ലാവരും കളിയാക്കുന്നു. ആർക്കും എന്നെ വേണ്ട. എന്റെ അച്ഛനെ ഒന്ന് ജയിലിലാക്കാൻ പറ്റുമോ?'.പൊട്ടി വന്ന കരച്ചിൽ അവന്റെ വാക്കുകൾ മുഴുമിക്കാൻ അനുവദിച്ചില്ല. മദ്യത്തിന് അടിമയായ അച്ഛൻ കാരണം നാട്ടിലും സ്‌കൂളിലും ഒറ്റപ്പെട്ടുപോയ ഒരു എട്ടാം ക്ലാസുകാരനിൽ നിന്നുണ്ടായ അനുഭവം പങ്കുവെക്കുകയാണ് 'ചിരി' ഹെൽപ്പ് ലൈനിനെ നയിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ. അച്ഛന്റെ അമിത മദ്യപാനം തളർത്തിക്കളഞ്ഞ ഇത്തരം കുരുന്നുകളുടെ ജീവിതത്തിൽ വെളിച്ചം നിറയ്ക്കുയാണ് 'ചിരി". പിതാവിനെ ലഹരി വിമോചന കേന്ദ്രത്തിലെത്തിച്ച് ചികിത്സ നൽകിയതിനെ തുടർന്ന് ജീവിതത്തിൽ ചിരി തിരിച്ചുവന്ന കുട്ടികളിൽ ഒരാളുടെ മാത്രം അനുഭവമാണിത്.

വിവിധ കാരണങ്ങളാൽ ജീവിതത്തിൽ ചിരി നഷ്ടപ്പെട്ട കുട്ടികൾക്ക് കൈത്താങ്ങാവുകയാണ് പൊലീസിന്റെ ചിരി ഹെൽപ് ലൈൻ. കണ്ണൂർ ജില്ലയിൽ 'ചിരി'യിലേക്ക് ഇതുവരെ എത്തിയത് 3105 ഫോൺ വിളികൾ. ഇതിൽ 969 പേർക്ക് കൗൺസലിംഗ് നൽകി. കൗൺസലർ, സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, മെന്റർ, പിയർ മെന്റർമാർ എന്നിവരുടെ നേതൃത്വത്തിലാണ് കൗൺസലിംഗ്. പ്രശ്‌നകാരണം ബോധ്യപ്പെടുത്തി കുട്ടികളെ സ്വയം തീരുമാനമെടുക്കാൻ പ്രാപ്തരാക്കുകയാണ് ഇതിന്റെ ലക്ഷ്യം. വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും സംശയങ്ങളും പരാതികളുമായിരുന്നു മറ്റുള്ളവ. സംശയങ്ങൾ ഫോണിലൂടെ പരിഹരിച്ചു. പരാതികളിൽ അന്വേഷണം നടത്തി.

ഒറ്റ കാൾ അകലെ ആശ്വാസം

ലൈംഗിക അതിക്രമങ്ങൾ, മാതാപിതാക്കൾ തമ്മിലുള്ള വഴക്ക്, വീട്ടുകാരുടെ ലഹരി വസ്തു ഉപയോഗം, അയൽവാസികളുടെ മോശം പെരുമാറ്റം, സഹോദരങ്ങളുമായുള്ള പ്രശ്‌നങ്ങൾ, പരീക്ഷയിലെ മാർക്ക് കുറവ്, പ്രണയ ബന്ധങ്ങൾ വീട്ടിൽ അറിയുമോ എന്ന ഭയം തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് കുട്ടികളെ അലട്ടുന്നത്.
ഹെൽപ്പ് ലൈനിലേക്ക് വിളിക്കുന്ന ഒരു വിഭാഗത്തിന് മറ്റ് കുട്ടികളുമായി സംസാരിച്ചാൽ തീരുന്ന പ്രശ്‌നങ്ങളാണ്. അത്തരം പ്രശ്‌നങ്ങൾ വിദ്യാലയങ്ങളിൽ അറിയുമോ എന്ന ഭയം ഒഴിവാക്കാൻ ജില്ലക്ക് പുറത്തുള്ള പിയർ മെന്റർമാരുമായി സംസാരിക്കാൻ 'ചിരി' അവസരമൊരുക്കുന്നു. കുട്ടി പൊലീസ്, ഔവർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൺ പദ്ധതി എന്നിവയിൽ നിന്നും തെരഞ്ഞെടുത്ത 290 പേരെയാണ് പരിശീലനം നൽകി പിയർ മെന്റർമാരാക്കിയത്. പഠന വിഷയങ്ങളിലെ ബുദ്ധിമുട്ട് പരിഹരിക്കാൻ 18 വയസിന് മുകളിലുള്ള മുൻ എസ് .പി .സി അംഗങ്ങളുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

ചിരി ഹെൽപ്പ് ലൈൻ

ഫോൺ: 9497900200

2020 മുതൽ ഇതുവരെ ജില്ലയിൽ 31 കുട്ടികളാണ് ആത്മഹത്യ ചെയ്തതെന്നും പ്രശ്‌നങ്ങൾ പരിഹരിച്ച് ആത്മഹത്യ ഉൾപ്പടെ തടയാനാണ് 'ചിരി' പ്രവർത്തിക്കുന്നത്.

കെ. രാജേഷ്, അസി. ജില്ലാ നോഡൽ ഓഫീസർ, എസ്.പി .സി പ്രൊജക്ട്