കണ്ണൂർ: ജില്ലാ ആശുപത്രിയിൽ പുതുതായി നിർമിച്ച സൂപ്പർ സ്‌പെഷ്യാലിറ്റി കെട്ടിടത്തിലേക്കുള്ള ജില്ലാ പഞ്ചായത്ത് നൽകുന്ന മെഡിക്കൽ ഉപകരണങ്ങൾ കൈമാറി. മൂന്ന്, നാല് നിലകളിലേക്കായി 68 പ്രത്യേക സജ്ജീകരണമുള്ള ബെഡുകളാണ് കൈമാറിയത്. ഇതിനായി 30 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് അനുവദിച്ചിരുന്നു. ഇതോടെ പുരുഷന്മാരുടെ മെഡിക്കൽ, സർജിക്കൽ വാർഡുകൾ പുതിയ കെട്ടിടത്തിലേക്ക് ഇന്ന് മാറ്റും. പഴയകെട്ടിടം നവീകരിക്കുന്നതിന്റെ ഭാഗമായാണിത്. അഞ്ചു നിലകളിലായുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി കെട്ടിടത്തിന്റെ 99 ശതമാനം പ്രവൃത്തിയും പൂർത്തിയായി. ഇലക്ട്രിക്കൽ വർക്കുകൾ മാത്രമാണ് ഇനി ബാക്കിയുള്ളത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉപകരണങ്ങൾ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷ അഡ്വ.കെ.കെ.രത്നകുമാരി, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.വി.കെ.രാജീവൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.വി.ലേഖ, ബി.എസ്.എൻ.എൽ എൻജിനിയർ മനോജ്, തുടങ്ങിയവർ പങ്കെടുത്തു.