പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ഓവർ ബ്രിഡ്ജ് സ്പാനുകളുടെ അടിയിൽ നിന്നും കോൺക്രീറ്റ് പാളി അടർന്നു വീണു. ചൊവ്വാഴ്ച രാവിലെ പാപ്പിനിശ്ശേരി ഗേറ്റിന് സമീപത്തെ സ്വകാര്യ ആശുപത്രിയുടെ സമീപത്തെ സ്പാനിലാണ് കോൺക്രീറ്റ് പാളി അടർന്നത്.
2018 നവംബർ മാസം ഉദ്ഘാടനം ചെയ്ത പാലത്തിൽ മാസങ്ങൾക്കുള്ളിൽ കുഴികളും എക്സ്പാൻഷൻ ജോയന്റുകളിൽ വിള്ളലും കണ്ടെത്തിയിരുന്നു. തുടർന്ന് പല തവണ കുഴികൾ അടക്കുകയും എക്സ്പാൻഷൻ ജോയന്റിൽ ടാർ ഒഴിക്കുകയും ചെയ്തിരുന്നു. തുടർന്നും നിർമ്മാണത്തിലെ അപാകതകൾ വ്യക്തമാക്കുന്ന രീതിയിൽ പാലത്തിൽ നിരവധി കുഴികൾ രൂപപ്പെട്ടിരുന്നു. വിജിലൻസ് അന്വേഷണവും വിദഗ്ദ്ധ പരിശോധനകളും നടന്നതിനെ തുടർന്ന് 2021 ഡിസംബറിൽ പാലം അടച്ചിട്ട് ആഴ്ചകളോളം അറ്റകുറ്റ പണികളും നടത്തിയതാണ്.
എന്നാൽ ഈ വർഷവും മഴ ശക്തമായതോടെ പാലത്തിൽ കുഴികളും കമ്പികൾ പുറത്ത് തള്ളുകയായിരുന്നു. ഈ വർഷം ആറ് തവണ ഓട്ട അടയ്ക്കൽ യജ്ഞം നടന്നതിനിടെയാണ് സ്പാനുകളുടെ അടിയിൽ നിന്നും കോൺക്രീറ്റ് അടർന്നുവീണത്. അടർന്നുവീണ ഭാഗത്തെ കോൺക്രീറ്റിനകത്തെ കമ്പി തുരുമ്പെടുത്ത് ജീർണിച്ച നിലയിലാണ്.