pappinissery
കത്തി നശിച്ച ആശുപത്രിയിലെ കുത്തിവയ്പ്പ് മുറി

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വൻ തീപിടുത്തം. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. കുത്തിവയ്പ്പ് മുറി,​ അനുബന്ധ സൗകര്യങ്ങൾ ഒരുക്കിയ കാബിനുകളായ ബാൻഡേജ് മുറി, നിരീക്ഷണ മുറി, ഇ.സി.ജി മുറി എന്നിവയെല്ലാം പൂർണമായി കത്തി നശിച്ചു. ചുരുങ്ങിയത് അഞ്ചു ലക്ഷം രൂപയുടെ എങ്കിലും നാശ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്.
തീപിടുത്തമുണ്ടായ മുറികളിലെ സാധന സാമഗ്രികളെല്ലാം അഗ്നിക്കിരയായി. ഫർണീച്ചറുകൾ, ശീതീകരണ ഉപകരണങ്ങൾ, മറ്റു മെഡിക്കൽ ഉപകരണങ്ങൾ എന്നിവയെല്ലാം കത്തി നശിച്ചു. വൈദ്യുതി ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ ആശുപത്രിക്കുള്ളിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാർ ഓടിയെത്തുകയായിരുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രിയാണെന്ന് പറയാറുണ്ടെങ്കിലും രാത്രി കാലത്ത് ഒരു സേവനവും ഇവിടെ ലഭിക്കാറില്ലെന്ന ആക്ഷേപമാണുള്ളത്.

ഒരു ഭാഗത്ത് പ്രവർത്തിക്കുന്ന ആശുപത്രിയിലെ വിവിധ മുറികൾ കത്തിയമർന്നിട്ടും ആശുപത്രിയിൽ ഉണ്ടായിരുന്ന ജീവനക്കാർ അറിയാൻ വൈകി. നാട്ടുകാരാണ് അഗ്നിശമന സേനയെ ബന്ധപ്പെട്ടതും. അഗ്നിശമന സേനാംഗങ്ങൾ എത്തുമ്പോഴേക്കും തീപിടിത്തമുണ്ടായ മുറികളിലെ സാധനങ്ങളെല്ലാം കത്തിനശിച്ചു. ഇലക്ട്രിക്കൽ വിഭാഗം വിദഗ്ദ്ധർ തീപിടിത്തമുണ്ടായ ഭാഗങ്ങൾ പരിശോധിച്ചു. കണ്ണൂരിൽ നിന്നുമെത്തിയ അഗ്നിശമന സേനാ വിഭാഗത്തിലെ അസി. സ്റ്റേഷൻ ഓഫീസർമാരായ കെ. പുരുഷോത്തമൻ, എ. കുഞ്ഞിക്കണ്ണൻ, ഫയർ ആൻ‌ഡ് റസ്‌ക്യൂ ഓഫീസർ പി.വി. മഹേഷ് എന്നിവർ എത്തി തീ പൂർണമായും അണച്ചു.

രണ്ടര വർഷം മുമ്പും തീപിടിത്തം
ഇതേ ആശുപത്രിയിൽ രണ്ടര വർഷം മുൻപും തീപിടിത്തമുണ്ടായിരുന്നു. മെഡിക്കൽ സ്റ്റോറിലാണ് അന്ന് തീപിടുത്തമുണ്ടായത്. അന്നും ലക്ഷങ്ങളുടെ മരുന്നും നിരവധി ഇലക്ട്രോണിക്സ് ഉപകരണങ്ങളും കത്തി നശിച്ചിരുന്നു. ആശുപത്രിയിൽ നിലവിൽ കിടത്തിചികിത്സ ഇല്ലാത്തതും ആശുപത്രി രാത്രി കാലത്ത് വിജനമാകാൻ പ്രധാന കാരണമാണ്.

ജനപ്രതിനിധികൾ സന്ദർശിച്ചു
പാപ്പിനിശ്ശേരി ആശുപത്രിയിലെ തീപിടുത്ത വിവരം അറിഞ്ഞ് ജനപ്രതിനിധികൾ ആശുപത്രി സന്ദർശിച്ചു. കെ.വി സുമേഷ് എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. അജിത, പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുശീല,​ വൈസ് പ്രസിഡന്റ് കെ. പ്രദീപ് കുമാർ,​ ഡി.എം.ഒ. നാരായണനായ്ക്ക്, ഡി.പി. എം ഡോ. അനിൽകുമാർ എന്നിവർ സ്ഥലത്തെത്തി.