shylaja

മട്ടന്നൂർ കോളയാട് പഞ്ചായത്തിലെ കൊളപ്പ ആദിവാസി കോളനിയിലെ ജനങ്ങൾ ഉന്നയിക്കുന്ന വിഷയങ്ങൾക്ക് അടിയന്തിരമായി പരിഹാരം കാണുമെന്ന് കെ.കെ.ശൈലജ എം.എൽ.എ അറിയിച്ചു. വനാവകാശ നിയമപ്രകാരം ഈ മേഖലയിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് അനുവദിച്ച് നൽകിയ അവകാശങ്ങൾ അവർക്ക് ഉറപ്പാക്കും. വീട്ടാവശ്യങ്ങൾക്ക് മരം മുറിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്കുള്ള നിയമ നടപടികൾ അതിവേഗം പൂർത്തീകരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർക്കും ഡി.എഫ്.ഒയ്ക്കും നിർദേശം നൽകിയിട്ടുണ്ട്. കോളനിയിലെ റോഡുകളുടെ വികസനത്തിനായി അനുവദിച്ച തുക നേരത്തെ സർക്കാർ തിരിച്ചുപിടിച്ചിരുന്നു. എത്രയും പെട്ടെന്ന് ഫണ്ട് ലഭ്യമാക്കി കൊളപ്പ ആദിവാസി കോളനിയുടെ ഗതാഗത പ്രശ്നങ്ങൾക്കും പരിഹാരം കാണുമെന്ന് ശൈലജ അറിയിച്ചു.