
തലശ്ശേരി: മണ്ണിന്റെ മണമുള്ള ഈണങ്ങളിലൂടെ മലയാള ചലച്ചിത്രഗാനചരിത്രത്തിൽ സ്വന്തം പേര് എഴുതിച്ചേർത്ത വിഖ്യാത സംഗീതജ്ഞൻ കെ.രാഘവൻ മാഷ് വിട പറഞ്ഞ് ഇത് ഒൻപതാം വർഷം. ഇത്രയും കാലം പിന്നിടുമ്പോഴും വരുംതലമുറയിലേക്ക് അദ്ദേഹത്തിന്റെ സ്മൃതിയെ എത്തിക്കുന്നതിന് പ്രഖ്യാപിച്ച വാഗ്ദാനങ്ങളെല്ലാം ഇന്നും കടലാസിൽ തന്നെ ഒതുങ്ങുകയാണ്.
രാഘവൻ മാഷുടെ പേരിൽ ഉത്തരകേരളത്തിൽ സംഗീതകലാശാല സ്ഥാപിക്കുമെന്നടക്കം പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നു.അറബിക്കടലിന്റെ തീരത്ത് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന ഇടത്തിന് തൊട്ടടുത്ത് ഹാർമോണിയത്തിൽ ശ്രുതി മീട്ടി സംഗീതത്തിൽ ലയിച്ചിരിക്കുന്ന പ്രതിമ മാത്രമാണ് സ്മാരകമായി ഇന്നുള്ളത്. മാഷെ നാട് മറന്നതിന്റെ വേദനയിലാണ് കുടുംബം .സ്മാരകം സംബന്ധിച്ച് സൂചിപ്പിച്ചപ്പോൾ തലശ്ശേരി നഗരസഭയ്ക്ക് വലിയ താത്പര്യം കണ്ടില്ലെന്ന് മകൻ ആർ. മുരളീധരൻ തന്നെ പറയുന്നു .
രാഘവൻ മാഷിന്റെ മരണശേഷം ഈ വീട്ടിലേക്കുള്ള സന്ദർശകരും കുറഞ്ഞു. വലപ്പോഴും വരുന്ന ചില ശിഷ്യന്മാർ മാത്രമാണ് അപവാദം. ഈണങ്ങളുടെ രാജശിൽപ്പിയോട് ജൻമനാടും അധികൃതരും കടുത്ത അവഗണന കാട്ടുന്നുവെന്ന് ശിഷ്യനും പിന്നണി ഗായകനുമായ സി.ടി.മുരളിയും കുറ്റപ്പെടുത്തുന്നുണ്ട്.
കഴിഞ്ഞ വർഷം നഗരസഭാ അധികൃതർ രാഘവൻമാസ്റ്ററുടെ ചരമദിനം തന്നെ മറന്ന മട്ടായിരുന്നു.രാഘവൻ മാഷ് ഉപയോഗിച്ച സംഗീത ഉപകരണങ്ങളും മറ്റ് വസ്തുക്കളും തങ്ങളുടെ കാലശേഷം സംരക്ഷിക്കപ്പെടുമോ എന്ന ആശങ്കയിലാണ് കുടുംബം.ജഗന്നാഥ ക്ഷേത്രത്തിൽ പണിയാനിരിക്കുന്ന മ്യൂസിയത്തിൽ ഇവ സംരക്ഷിക്കാമെന്ന് ക്ഷേത്രം ഭാരവാഹികൾ സമ്മതിച്ചതിൽ വലിയ ആശ്വാസമാണ് ഇവർക്കുള്ളത്. ശ്രീ നാരായണ ഗുരു സന്ദർശിച്ചിരുന്ന ശരവണ എന്ന രാഘവൻമാസ്റ്ററുടെ വീട് ഇന്ന് കൂടൊഴിഞ്ഞ കിളിയെപ്പോലെ മൂകമാണ്.