പയ്യന്നൂർ: വീട്ടിൽ അർദ്ധരാത്രിയിൽ മയക്കുമരുന്നുമായി ഡി.ജെ. പാർട്ടിയിൽ ഏർപ്പെട്ട ആറ് യുവാക്കളെ പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. നാടെങ്ങും ലഹരി ഉപയോഗത്തിനെതിരെ നിരന്തരം കാമ്പയിൻ നടന്ന് കൊണ്ടിരിക്കുന്നതിനിടയിലാണ് രാമന്തളി വടക്കുമ്പാട്ട് ലഹരി പാർട്ടിയിൽ പങ്കെടുത്തവർ പിടിയിലായത്.

വടക്കുമ്പാട് സ്വദേശികളായ കെ.കെ. അൻവർ (32), കെ.പി. റമീസ് (32), യൂസഫ് അസൈനാർ (27), ഷഫീഖ് ( 27), വി.വി.ഹസീബ് (28), സി.എം. സബാഹ് (31) എന്നിവരെയാണ് പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച പുലർച്ചെ നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. അൻവറിന്റെ ഹാജി റോഡിലെ വീട്ടിൽ വച്ചാണ് ഇവരെ പിടികൂടിയത്. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. മയക്കുമരുന്ന് ലഹരിയിൽ വീട്ടിൽ നിന്ന് ബഹളമുണ്ടായതായി പറയുന്നു. മയക്കുമരുന്ന് വലിക്കാനുപയോഗിക്കുന്ന ഹൂക്കയിൽ നിന്ന് ഉപയോഗിച്ച് കൊണ്ടിരിക്കുകയായിരുന്ന എം.ഡി.എം.എ. , കഞ്ചാവ് എന്നിവ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.