പയ്യന്നൂർ: പയ്യന്നൂരിൽ വൻ കുഴൽപ്പണ വേട്ട. എക്സൈസ് ഇന്റലിജൻസാണ് മതിയായ രേഖകളില്ലാതെ

ബസിൽ കടത്തുകയായിരുന്ന 27.5 ലക്ഷം രൂപ പിടികൂടിയത്. കാസർകോട് -കണ്ണൂർ റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി. ബസിലെ യാത്രക്കാരനിൽ നിന്നുമാണ് എക്സൈസ് സംഘം പണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സ്വദേശിയായ ശിവാജി ചോപ്പാടെ (24 )യെ എക്സൈസ് സംഘം പിടികൂടി.

എട്ടു ലക്ഷം രൂപ ബാഗിലും 19.5 ലക്ഷം രൂപ പ്രത്യേക അറകളോടുകൂടിയ ജാക്കറ്റിലുമായിരുന്നു ഒളിപ്പിച്ചിരുന്നത്.

പിടികൂടിയ പണം എക്സൈസ് സംഘം പയ്യന്നൂർ കെ.എസ്.ആർ.ടി.സി ഷോപ്പിംഗ് കോപ്ലക്സിൽ പ്രവർത്തിക്കുന്ന കേരള ബാങ്കിൽ എത്തിച്ച് എണ്ണി തിട്ടപ്പെടുത്തി. പ്രതിയേയും പിടികൂടിയ പണവും എക്സൈസ് സംഘം പിന്നീട് പയ്യന്നൂർ പൊലീസിൽ ഏൽപ്പിച്ചു. എക്സൈസ് ഇൻസ്പെക്ടർ എൻ. വൈശാഖിനെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ പ്രകാശൻ അലക്കൽ, പി.എം.കെ. സജിത്ത് കുമാർ, ടി. ഖാലിദ്, എം.പി. സുരേഷ് ബാബു, എക്സൈസ് ഐ. ബി ഇൻസ്പെക്ടർ കെ.പി. പ്രമോദ്, ഐ.ബി പ്രിവന്റീവ് ഓഫീസർമാരായ വി.കെ. വിനോദ്, നിസാർ, ഷാജി, എക്സൈസ് ഡ്രൈവർ പ്രദീപൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.