cement

കണ്ണൂർ: സിമന്റിന്റെ അനിയന്ത്രിതമായ വിലക്കയറ്റം നിർമ്മാണ മേഖലയെ നിശ്ചലമാക്കുമെന്ന് ആശങ്ക. കൊവിഡ് പ്രതിസന്ധിക്കു ശേഷം നിയന്ത്രണങ്ങളിൽ ഇളവുവന്നതോടെ നിർമ്മാണ മേഖല മാന്ദ്യത്തിൽ നിന്നും അൽപം ഉണർന്നുവെങ്കിലും സിമന്റ് വിലക്കയറ്റം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ചെറുകിട കരാറുകാരെയാണ് സിമന്റ് വിലവർധന പ്രതികൂലമായി ബാധിച്ചിട്ടുള്ളത്.
ചെറുകിട കെട്ടിട, വീടുനിർമാണങ്ങൾ ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ഒരു ബാഗ് സിമന്റിന് 480രൂപയാണ് വില. ചെറുകിടക്കാർക്ക് കയറ്റിറക്കുകൂലിയായ് 12രൂപയുൾപ്പെടെ 500രൂപയാണ് കൊടുക്കേണ്ടിവരുന്നത്. ഹോൾസെയിൽ വിലയ്ക്കു സിമന്റ് കമ്പനികൾ സൈറ്റിൽ ഇറക്കികൊടുക്കുന്നുണ്ടെങ്കിലും ചുരുങ്ങിയത് നൂറ് ചാക്കു സിമന്റെങ്കിലും ഉണ്ടെങ്കിൽ മാത്രമേ ഈ സൗകര്യം ലഭ്യമാവുകയുള്ളൂ. 25 ശതമാനം വിലയാണ് സിമന്റുകമ്പിനികൾ ഒറ്റയടിക്കു കൂട്ടിയത്. എ.സി.സി, അംബുജാ സിമന്റുകളുടെ ഉടമസ്ഥതാവകാശം അദാനി ഏറ്റെടുത്തതോടെയാണ് ഈ വർധനവെന്ന് വ്യാപാരികൾ പറയുന്നു. കഴിഞ്ഞ ഒരുമാസക്കാലമായി കേരളത്തിൽ വിറ്റഴിക്കപ്പെടുന്ന എല്ലാ ബ്രാൻഡുകൾക്കും 60 മുതൽ 90 രൂപവരെയാണ് വിലവർധിച്ചത്.

സിമന്റിനു മാത്രമല്ല മറ്റു നിർമ്മാണ സാമഗ്രികളായ കമ്പി, എംസാൻഡ്, ജെല്ലി എന്നിവയ്ക്കും നാൾക്കു നാൾ വിലവർധിക്കുകയാണ്. ഇതിനോടൊപ്പം ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ കൂലികുത്തനെ കൂട്ടിയതും സാധാരണക്കാർക്ക് വൻതിരിച്ചടിയായി മാറിയിട്ടുണ്ട്.

കിട്ടാക്കനിയായി മലബാർ
ഭൂരിഭാഗം സിമന്റുകമ്പിനികളും പ്രവർത്തിക്കുന്നത് തമിഴ്നാട്ടിലാണ്. വിപണിയിൽ വിലകൂട്ടാൻ മത്സരിക്കുന്നത് ഈ സിമന്റ് കമ്പനികൾ തന്നെയാണ്. എന്നാൽ ഇതു പ്രതിരോധിക്കുന്നതിനായി സംസ്ഥാന സർക്കാർ പാലക്കാട് നിന്നും മലബാർ സിമന്റ് ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും വിപണിയിൽ കിട്ടാക്കനിയായി മാറിയതാണ് വ്യാപാരികളെയും കരാറുകാരെയും വലയ്ക്കുന്നത്. മലബാറെന്നു പേരിലുണ്ടെങ്കിലും മലബാർ ഭാഗത്ത് പ്രത്യേകിച്ചു വടക്കൻ കേരളത്തിൽ ഈ സിമന്റ് എത്തുന്നില്ല. നേരത്തെ കണ്ണൂർ ജില്ലയിൽ ചെറുതാഴം ബാങ്കുൾപ്പെടെ മലബാറിന്റെ ഡീലർ ഷിപ്പെടുത്തിരുന്നുവെങ്കിലും ലഭ്യതകുറവ് കാരണം മതിയാക്കുകയായിരുന്നു.

കാഴ്ചക്കാരായി സർക്കാർ
കുത്തക സിമന്റ് കമ്പനികൾ നാൾക്കുനാൾ വിലവർദ്ധിപ്പിക്കുമ്പോഴും സർക്കാർ ഇടപെടുന്നില്ലെന്ന് പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്‌റ്റേഴ്സ് അസോ. ഭാരവാഹികൾ പരാതിപ്പെടുന്നു. നിർമാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, വർധിച്ചുവരുന്ന സിമന്റ് വിലവർധനവ് തടയുക എന്നീ മുദ്രാവാക്യങ്ങളുയർത്തി അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് കളക്ടറേറ്റ് മാർച്ച് നടത്തും. രാവിലെ പത്തിന് സ്‌റ്റേഡിയം കോർണറിൽ നിന്നുമാരംഭിക്കുന്ന മാർച്ച് കളക്ടറേറ്റിന് മുൻപിൽ സി.പി. എം ജില്ലാസെക്രട്ടറി എം.വി ജയരാജൻ ഉദ്ഘാടനം ചെയ്യും.

സിമന്റ് വില കുത്തനെ കൂടിയതുകാരണം ചെറുകിട പ്രവൃത്തിപോലും നിർത്തിവയ്‌ക്കേണ്ട അവസ്ഥയിലാണ് ഞങ്ങൾ. ഈ വിഷയത്തിൽ സർക്കാർ ഇടപെട്ടില്ലെങ്കിൽ ആയിരണക്കണക്കിന് കരാറുകാരും പതിനായിരക്കണക്കിന് തൊഴിലാളികളും വഴിയാധാരമാകും
ടി. മനോഹരൻ (പി.ബി.സി.എ സംസ്ഥാന ട്രഷറർ)